വൃക്കരോഗം വികസിപ്പിക്കുന്നതിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണം. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗം (സികെഡി) എന്നിവയ്ക്കുള്ള വലിയ അപകട ഘടകമാണ് അമിതവണ്ണം. ഇന്ത്യയിൽ ഏകദേശം 16 സ്ത്രീകളിൽ ഒരാൾക്കും 25 പുരുഷന്മാരിൽ ഒരാൾക്കും പൊണ്ണത്തടി ഉണ്ടെന്ന് സമീപകാല റിപ്പോർട്ട് പറയുന്നു.
പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായി കാണപ്പെടുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കണക്കനുസരിച്ച്, 2025-ഓടെ, പൊണ്ണത്തടി ലോകമെമ്പാടുമുള്ള 18% പുരുഷന്മാരെയും 21% സ്ത്രീകളെയും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. അമിതവണ്ണമുള്ളവരിൽ വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
വൃക്കരോഗവും അമിതവണ്ണവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വളരെക്കാലമായി ആശങ്കയ്ക്ക് കാരണമാണ്. പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവരിൽ ഉൾപ്പെടെ പൊണ്ണത്തടിയുള്ളവരിൽ വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഭാരമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, അമിതവണ്ണമുള്ളവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.
അമിതവണ്ണമോ പൊണ്ണത്തടിയോ പല തരത്തിൽ വൃക്കരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയാണ് വൃക്കരോഗത്തിന്റെ രണ്ട് പ്രധാന കാരണങ്ങൾ. അധിക ശരീരഭാരം വൃക്ക കഠിനമായി പ്രവർത്തിക്കാനും സാധാരണ നിലയേക്കാൾ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനും കാരണമാകും.