ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊണ്ണത്തടി. സാധാരണയിലും വൈകി ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും അമിതവണ്ണം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ 45 നും 55നും ഇടയിലാണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം ആരംഭിക്കുന്നത്. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ പോലുള്ള ഹോര്‍മോണുകള്‍ കുറയുന്നത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും പറയുന്നു. ഇതിനാല്‍തന്നെ അമിതവണ്ണം മൂലമുള്ള ഹൃദയസ്തംഭന സാധ്യത നേരത്തേ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കൂടുതലാകുമെന്ന് കരുതിയിരുന്നതെങ്കിലും നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ശരാശരി 64 വയസ്സ് പ്രായമുള്ള 4441 സ്ത്രീകളിലാണ് പഠനം നടത്തിയത്. ശരാശരി 47 വയസ്സിലാണ് ഇവര്‍ക്ക് ആര്‍ത്തവവിരാമം സംഭവിച്ചത്. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്കാര്‍ക്കും ഹൃദയസ്തംഭനം സംഭവിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പതിനാറര വര്‍ഷത്തോളം നടത്തിയ തുടര്‍നിരീക്ഷണത്തില്‍ ഇവരില്‍ 903 പേര്‍ക്ക് ഹൃദയസ്തംഭനം വന്നതായി കണ്ടെത്തി. പഠനത്തിന്റെ അവസാനത്തില്‍ ഇവരില്‍ പലരും അമിതവണ്ണമുള്ളവരായി. ശരാശരി 28.8 ആയിരുന്നു ഇവരുടെ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) . മുതിര്‍ന്നവരില്‍ 18.5 മുതല്‍ 24.9 വരെ ബിഎംഐ ആരോഗ്യകരമായ ഭാരമായി കണക്കാക്കുന്നു.
ബിഎംഐ ഓരോ ആറ് യൂണിറ്റ് വര്‍ധിക്കുമ്പോള്‍ 55 വയസ്സിനോ അതിന് ശേഷമോ ആര്‍ത്തവവിരാമമായവരിലെ ഹൃദയസ്തംഭന സാധ്യത ഇരട്ടിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം ആര്‍ത്തവിരാമം നേരത്തെ സംഭവിച്ചവരില്‍(45 വയസ്സിന് മുന്‍പ്) ബിഎംഐയിലെ ഇതേ വര്‍ധന ഹൃദയസ്തംഭന സാധ്യത 39 ശതമാനം വച്ച് മാത്രമേ വര്‍ധിപ്പിക്കുന്നുള്ളൂ. 45നും 49നും ഇടയില്‍ ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഇത് 33 ശതമാനമാണ്.
ഈ സ്ത്രീകളുടെ അരവണ്ണത്തിന്റെ അടിസ്ഥാനത്തിലും ഹൃദയസ്തംഭന സാധ്യത ഗവേഷകര്‍ വിലയിരുത്തി. ശരാശരി 100.8 സെന്റിമീറ്റര്‍(39.7 ഇഞ്ച്) ആയിരുന്നു ഇവരുടെ അരവണ്ണം. വൈകി ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഓരോ 15.2 സെന്റിമീറ്റര്‍(6.2 ഇഞ്ച്) വീതം അരവണ്ണം വര്‍ധിച്ചപ്പോള്‍ ഹൃദയസ്തംഭന സാധ്യത മൂന്നിരട്ടിയായി. അതേ സമയം ആര്‍ത്തവവിരാമം നേരത്തെ സംഭവിച്ചവരില്‍ അരവണ്ണത്തിലെ വർധന ഹൃദയസ്തംഭന സാധ്യതയില്‍ വലിയ സ്വാധീനമുണ്ടാക്കിയില്ല.ഹൃദയസ്തംഭന സാധ്യതയുള്ള സ്ത്രീകളെ കണ്ടെത്തി നേരത്തെയുള്ള പരിശോധനകള്‍ നടത്തുന്നതിന് പഠനത്തിലെ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ഗവേഷണ സംഘം വിലയിരുത്തുന്നു.