കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിഎച്ച് പി ഹർജി വിവാദമായതിന് പിന്നാലെ വിശദീകരണം. സിംഹത്തിന് ഹിന്ദു ദേവതയുടെ പേരിട്ടതിലാണ് എതിർപ്പെന്നും പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് കോടതിയിലെത്തിയതെന്നുമാണ് വിഎച്ച്പി പ്രവർത്തകനായ പരാതിക്കാരന്റെ വിശദീകരണം.’ശ്രുതി’എന്ന പേരാണ് ബംഗാളിലെത്തിച്ച മറ്റൊരു പെൺ സിംഹത്തിന് ഇട്ടത്. ഇതു പോലൊരു പേര് നല്കിയാൽ എതിർപ്പില്ലെന്ന് പരാതിക്കാരൻ പറയുന്നു. അതേ സമയം, ബിജെപി വർഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് തൃണമൂൽ കുറ്റപ്പെടുത്തി.
ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി.വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റെ ഹർജി ഈ മാസം 20ന് പരിഗണിക്കും.
അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്.