ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവർഷം നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്. ഇടുക്കി ജില്ല കളക്ടരാണ് നടപടിയെടുത്തത്. സമൂഹമാധ്യമമായ ഫേസ് ബുക്കിൽ ഇദ്ദേഹം മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയതായി സിപിഐ എം പേരയം ലോക്കൽ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടർക്ക് നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കിൽ കമൻറിട്ട ആദിവാസി വനപാലകനെ രണ്ടാഴ്ച മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെയാണ് അന്വേഷണ വിധേയമായി അന്ന് സസ്പെന്റ് ചെയ്തത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്പെൻറ് ചെയ്തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമൻറിട്ടതിനാണ് നടപടി ഉണ്ടായത്. സംഭവം സംബന്ധിച്ച് വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷം പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സുരേഷിനെ സസ്പെൻഡ് ചെയ്തത്.