ന്യൂഡൽഹി: ചരിത്രത്തിൽ തന്നെ ഏറ്റവും മോശമായ ഒരു ഹരജിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയത്. യൂട്യൂബിൽ അശ്ലീല ദൃശ്യം കണ്ടതിനെ തുടർന്ന് പരീക്ഷക്ക് തോറ്റുപോയെന്നും ജോലി കിട്ടിയില്ലെന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കാണിച്ചാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. മധ്യപ്രദേശിൽ നിന്നുള്ള എ.കെ. ചൗധരിയാണ് ഹരജിക്കാരൻ. ഹരജി കണ്ട് കണ്ണുതള്ളിയ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും അഭയ് എസ്. ഓക്കയും ഇത്രയും മോശമായ ഒരു ഹരജി സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട് കോടതി.
ഗൂഗ്ൾ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ചൗധരി സുപ്രീംകോടതിയെ സമീപിച്ചത്. ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലാണ് അശ്ലീല ദൃശ്യം കണ്ടതെന്നും ഇതുമൂലം മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല എന്നുമാണ് പരാതി. സമൂഹമാധ്യമങ്ങൾ വഴി അശ്ലീലം പ്രചരിപ്പിക്കുന്നത് തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.
‘നിങ്ങൾക്ക് പരസ്യം കാണാൻ താൽപര്യമില്ലെങ്കിൽ അത് ഒഴിവാക്കുക’ -എന്നാണ് ജസ്റ്റിസ് കൗൾ ഹരജിക്കാരനോട് പറഞ്ഞത്. ‘നിങ്ങൾക്ക് എന്തിനാണ് നഷ്ടപരിഹാരം നൽകേണ്ടത്? നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ചതിനോ? അതോ ഇന്റർനെറ്റ് ഉപയോഗിച്ചതു മൂലം നിങ്ങൾ പരീക്ഷയിൽ പരാജയപ്പെട്ടതിനോ? എന്നും അദ്ദേഹം ചോദിച്ചു.
അശ്ലീലം നിറഞ്ഞ പരസ്യം നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചുവെന്നതിന് നഷ്ടപരിഹാരം വേണമെന്നാണ് നിങ്ങളുടെ ആവശ്യം. നിങ്ങളുടെ സ്വഭാവദൂഷ്യം കാരണം കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഒരു ലക്ഷം രൂപ പിഴ നൽകണമെന്ന് ഉത്തരവിടുന്നു.-ജഡ്ജിമാർ വിശദീകരിച്ചു.