റിയാദ്: എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് വകുപ്പ്. ഇത്തരം നിയമലംഘനങ്ങളുടെ നിരീക്ഷണം ഉടനെ ആരംഭിക്കും. റിയാദിൽ സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പബ്ലിക് സെക്യൂരിറ്റി, സൗദി ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് സംഘടിപ്പ യോഗത്തിലാണ് ട്രാഫിക്ക് മേധാവി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സ്മാർട്ട് രീതികളെക്കുറിച്ചായിരുന്നു യോഗം. ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് നിരീക്ഷിക്കുക. സൗദി റെഡ് ക്രസൻറ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇത്. എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള പൊതുസുരക്ഷ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയമലംഘകർക്ക് പിഴ ചുമത്തുന്നത് ട്രാഫിക് ബോധവൽക്കരണ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത ചിലരുടെ അതിക്രമങ്ങൾ പരിമിതപ്പെടുത്തുമെന്നും ട്രാഫിക്ക് മേധാവി പറഞ്ഞു.