കൊച്ചി: പനി ഭീതിയകറ്റാൻ തീവ്ര ശ്രമങ്ങളുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഡെങ്കിപ്പനിയടക്കം പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ്, ആശുപത്രികൾക്ക് ജാഗ്രത നിർദേശം നൽകിയത്. ജില്ലയിലെ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് പനിവാർഡുകൾ ആരംഭിച്ചതിന് പുറമേ അവശ്യ മരുന്നുകളുടെയും ജീവനക്കാരുടെയും ലഭ്യത ഉറപ്പുവരുത്താനും ആരോഗ്യവകുപ്പ് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർക്കും മെഡിക്കൽ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കിഡ്നി, കരൾ, കാൻസർ അടക്കം രോഗമുള്ളവരെ പ്രത്യേകം നിരീക്ഷിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ജില്ലയിലെ പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക്കുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.
ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നുണ്ട്. നിലവിൽ ജില്ലയിലെ കിഴക്കൻ മേഖലയിൽനിന്നാണ് ഡെങ്കി അടക്കം പനികൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാത്രം നിലവിൽ അമ്പതോളംപേർ പനിബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ മൂന്നിലൊന്നും ഡെങ്കി ബാധിതരാണ്. കോതമംഗലം മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതേസമയം ഈ മേഖലകളിൽ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്തുന്നതിൽ പല തദ്ദേശസ്ഥാപനങ്ങളും വീഴ്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ജാഗ്രത പാലിക്കണമെന്ന് ഐ.എം.എ
ഡെങ്കിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്ലുവന്‍സ അടക്കം വൈറല്‍ പനികളും എലിപ്പനിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ. നിരവധിപേർ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ജില്ലയിലാണ് അധികം രോഗികള്‍. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകല്‍ വ്യാപകമായി മനുഷ്യരെ കടിക്കുന്ന ഈഡീസ് കൊതുകുകളാണ് രോഗം പരത്തുന്നത്.
ഇവ മുട്ടയിടുന്നത് ഉപ്പില്ലാത്ത വെള്ളത്തിലാണ്. മഴവെള്ളം എവിടെ കെട്ടിക്കിടന്നാലും കൊതുകുകള്‍ അവിടെ മുട്ടയിടും. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി വെള്ളത്തിന്റ ഒഴുക്ക് തടസ്സപ്പെട്ട് അടഞ്ഞുകിടക്കുന്ന ഓടകള്‍ മുതല്‍ അകത്തളങ്ങളിലെ ഫ്ലവര്‍ വേസുകൾ പൂച്ചട്ടികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, മരപ്പൊത്തുകള്‍ ഇവിടെയെല്ലാം ഈ കൊതുകിന് മുട്ടയിടാനാകും. പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനം കൊതുകിന്റെ പ്രജനനശേഷി വർധിപ്പിക്കുമെന്ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് നടത്തിയ പഠനം തെളിച്ചിട്ടുണ്ട്. കൊതുക് അകത്തളങ്ങളില്‍ പ്രവേശിക്കാനും കടിക്കാനും മുട്ടയിടാനുമുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം. സൗത്ത് അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഡെങ്കിപ്പനിമൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലുതരം ഡെങ്കി വൈറസ് (sertoype) ഉള്ളതിനാല്‍ ആവര്‍ത്തിച്ച് വരാനിടയുണ്ട്. രണ്ടാമത് വരുന്നതാണ് കൂടുതല്‍ അപകടം.
പുറത്തു ജോലിചെയ്യുന്നവര്‍ ഫുള്‍സ്ലീവ് ഷര്‍ട്ട് ഇടുന്നത് ഗുണംചെയ്യും. കൊതുക് അകത്തുകടക്കാതെ നെറ്റ് വെക്കുന്നത് നല്ലതാണ്. ഓടകള്‍ വൃത്തിയാക്കണം, കൊതുകിന്റെ ലാര്‍വ നശിപ്പിക്കാന്‍ മരുന്നും തളിക്കണം. വീട്ടുപരിസരത്തെ ചെറുതും വലുതുമായ വെള്ളക്കെട്ട് പതിവായി കണ്ടെത്തി ഒഴിവാക്കണം. കിഴക്കന്‍ മേഖലകളില്‍ ഡെങ്കിയും ഇൻഫ്ലുവന്‍സയും ഒരേസ്ഥലത്ത് ധാരാളമായി കാണപ്പെടുന്നു. ഒരു രോഗിയില്‍ മേല്‍പ്പറഞ്ഞ ഒന്നിലധികം രോഗങ്ങള്‍ ഒരേ സമയത്തുണ്ടായാല്‍ അപകടമാണ്. വായു സഞ്ചാരം കുറവുള്ള, തിരക്കുള്ള അകത്തളങ്ങളില്‍ മാസ്ക് ധരിക്കുന്നത് വായുവിലൂടെ പകരുന്ന ഇൻഫ്ലുവന്‍സ ഇല്ലാതാക്കാന്‍ ഉപകരിക്കുമെന്നും ഐ.എം.എ ഭാരവാഹികൾ കൂട്ടിച്ചേർത്തു.