ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ കൃത്യമായി പ്രവർത്തിച്ചുവെന്നും ഓഷ്യൻസാറ്റ് മൂന്നിന്‍റെ സോളാർ പാനലുകൾ വിടർന്നുകഴിഞ്ഞെന്നും ഇസ്രൊ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഭൂട്ടാനിൽ നിന്നുള്ള ആദ്യ സമ്പൂർണ ഉപഗ്രഹം ഭൂട്ടാൻ സാറ്റ്, പിക്സൽ സ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ ആനന്ദ് എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം എന്നിവ അടക്കം 8 ചെറുപേടകങ്ങൾ കൂടി ഈ ദൗത്യത്തിന്റെ ഭാഗമായി.