ഒഡീഷ : ഒഡീഷയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കള്‍ക്ക് പരുക്കേറ്റു. കിരണ്‍, ലിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരുക്കേറ്റത്. അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. നാലുപേരുടെയും പരുക്ക് സാരമുള്ളതല്ല.
അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞദിവസം അന്തിക്കാട് എത്തിയിരുന്നു. ബാക്കി നാലു പേര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിന്‍ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.