ന്യൂഡൽഹി∙ മാനുഷിക പിഴവാണ് ഒഡീഷ ട്രെയിൻ അപകടത്തിന് ഇടയാക്കിയതെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവെയുടെ ഭാഗമായായിരുന്നു അന്വേഷണം നടന്നത്. അപകടത്തിൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ റിപ്പോർട്ട് പരസ്യപ്പെടുത്താനിടയില്ല. കഴിഞ്ഞ ദിവസമാണ് സുരക്ഷാ കമ്മിഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ദ് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.
സിഗ്നലിങ്, ഓപ്പറേഷൻസ് (ട്രാഫിക്ക്) വിഭാഗങ്ങളിൽ വീഴ്ചയുണ്ടായതായാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പെരുമാറ്റച്ചട്ടം പാലിച്ചില്ല, ഇതു പാലിക്കാതെയാണ് ട്രെയിൻ കടന്നുപോകാൻ അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇതിനിടെ നടപടിയുമായി റെയിൽവെ രംഗത്തെത്തി. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചനാ ജോഷിയെ നീക്കി. അനിൽ കുമാർ മിശ്രയ്‌ക്കാണ് പകരം ചുമതല. ട്രെയിൻ അപകടമുണ്ടായി ഒരുമാസമാകുമ്പോഴാണു നടപടിയുണ്ടാകുന്നത്. അതേസമയം, അപകടത്തിൽ മരിച്ച 52 പേരെ കൂടെ തിരിച്ചറിയാനുണ്ട്. ചെന്നൈ – കൊറമാണ്ഡൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചും ബെംഗളൂരു – ഹൗറ സൂപ്പർഫാസ്റ്റ് പാളം തെറ്റിയും 288 പേരാണ് മരിച്ചത്. ആയിരത്തോളമാളുകൾക്കാണ് അപകടത്തിൽ പരുക്കേറ്റത്.