ആലപ്പുഴ : വിമാനത്താവളത്തിലും റെയിൽവേ ഡിവിഷണൽ ഓഫീസിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേരെ മാന്നാർ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതനയിൽ കെ.പി. സന്ദീപ് (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയയിൽ ഡി. ശങ്കർ (52) എന്നിവരാണ് അറസ്റ്റിലായത്. 2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മാന്നാർ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളിൽനിന്നാണു പ്രതികളായ സന്ദീപും ശങ്കറും ചേർന്നു പണം വാങ്ങിയതെന്നാണ് കേസ്. വിമാനത്താവളത്തിൽ ക്യാബിൻ ക്രൂ ആയി ജോലിവാങ്ങി നൽകുന്നതിനായി ആറു ലക്ഷവും റെയിൽവേ ജോലിക്കായി 14 ലക്ഷവുമാണു വാങ്ങിയത്. സെക്രട്ടേറിയറ്റിൽ ജോലിക്കാരനാണെന്നു പറഞ്ഞു പരിചയപ്പെട്ടാണ് ഒന്നാംപ്രതി സന്ദീപ് പണം തട്ടിയെടുത്തത്. ഇയാൾ തിരുവനന്തപുരത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു.
ജോലിക്കാര്യം സംബന്ധിച്ച് ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പകരം 20 ലക്ഷം രൂപയുടെ ചെക്ക് പ്രതികൾ യുവാക്കൾക്ക് നൽകിയിരുന്നു. ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് ഉപയോഗിക്കാത്ത അക്കൗണ്ടിലെ ചെക്കാണു കിട്ടിയതെന്നു മനസ്സിലായത്. മാന്നാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നു പ്രതികളെ പിടികൂടി. പ്രതികൾ അറസ്റ്റിലായ വിവരമറിഞ്ഞു സമാനരീതിയിൽ തട്ടിപ്പിനിരയായ ഹരിപ്പാട് സ്വദേശികളും പരാതി നൽകി. ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ഹരോൾഡ് ജോർജ്, അഡീഷണൽ എസ്.ഐ. ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സജീവ്, സാജിദ്, ഹോം ഗാർഡുമാരായ ഷിബു, ജോൺസൺ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ തിരുവനന്തപുരം നന്ദാവനത്ത് നിന്ന് അറസ്റ്റു ചെയ്തത്.