ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാന പദ്ധതികളെന്ന് അവകാശപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരത്, അടിസ്ഥാനകൗകര്യ വികസന പദ്ധതിയായ ഭാരത് മാല എന്നിവയിലെ അഴിമതി പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി.
ഡൽഹിയിലെ ഓഡിറ്റ് ( ഇൻഫ്രാസ്ട്രക്ചർ) പ്രിൻസിപ്പൽ ഡയറക്ടറായ അതുർവ സിൻഹ, ഡൽഹിയിലെ ഓഡിറ്റ് ഡയറക്‌ടർ ജനറലായ (സെൻട്രൽ എക്സ്പെൻഡച്ചർ) ദത്തപ്രസാദ് സൂര്യകാന്ത് ഷിർസത്ത്, നോർത്ത് സെൻട്രൽ റീജിയൻ ഡയറക്ടർ ജനറലായിരുന്ന അശോക് സിൻഹ എന്നിവരെയാണ് സിഎജി ഗിരീഷ് ചന്ദ്ര മുർമു സ്ഥലം മാറ്റിയത്. ഗുജറാത്ത് കേഡർ ഐഎസ് ഉദ്യോഗസ്ഥനായ മുർമു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്‌തരിൽ പ്രമുഖനാണ്. 37 ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം.
അതുർവ സിൻഹയെ കേരളത്തിന്റെ അക്കൗണ്ട് ജനറലാക്കി. അതേസമയം ഓഡിറ്റ് ചുമതല നൽകിയില്ല. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട ദ്വാരക എക്‌സ്പ്രസ് വേ നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയത് സിൻഹ തയ്യാറാക്കിയ റിപ്പോർട്ടിലാണ്. ദേശീയ പാതാ അതോറിറ്റി അനധികൃതമായി ഹരിയാന ഭാഗത്ത് എലിവേറ്റഡ് കാരിയേജ്‌വേ നിർമിച്ചുവെന്നും അത് ക്യാബിനറ്റിന്റെ സാമ്പത്തിക കാര്യ സമിതി അംഗീകരിച്ച തുകയേക്കാൾ പല മടങ്ങ് ചെലവ് വർധിപ്പിച്ചുവെന്നും കണ്ടത്തിയിരുന്നു. ഒരു കിലോമീറ്ററിന് 18.20 കോടി ക്യാബിനറ്റ് സമിതി അംഗീകരിച്ചപ്പോൾ ദേശീയ പാത അതോറിറ്റി ഒരു കിലോമീറ്ററിന് ചെലവിട്ടത് 250.77 കോടിയാണ്.
ആയുഷ്‌മാൻ ഭാരത് പദ്ധതിയിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് സൂര്യകാന്ത് ഷിർസത്തായിരുന്നു. ഡൽഹിയിലെ സിഎജി ആസ്ഥാനത്ത് രാജ്ഭാഷാ ഡയറക്ടർ ജനറലാക്കി. ആയുഷ്‌മാൻ ഭാരത് പദ്ധതിയിലെ ഇൻഷുറൻസ് ക്ലെയിമുകളിൽ വൻ ക്രമക്കേടുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. 2.25 ലക്ഷം അപേക്ഷകളിലായിരുന്നു തട്ടിപ്പ്. മരിച്ചവരുടെ പേരിൽ പണം തട്ടിയതിന് പുറമേ ശസ്‌ത്രക്രീയയ്‌ക്കുള്ള തുക ആശുപത്രിയിൽ നിന്ന് വിടുതൽ നേടിയിട്ടും കൈക്കലാക്കി തുടങ്ങിയവയായിരുന്നു പ്രധാന കണ്ടെത്തൽ. മഹാരാഷ്‌ട്രയിൽ മാത്രം 1.79 ലക്ഷം അപേക്ഷകളിൽ 300 കോടിയിലേറെ തട്ടിച്ചു. ഒരു തവണ മാത്രംഉപയോഗിക്കാൻ അനുമതിയുള്ള പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) ഐഡി കാർഡുകൾ ഒന്നിലേറെ തവണ ഡാറ്റാ ബേസിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആയുഷ്‌മാൻ ഭാരതിന്റെ പെർഫോമൻസ് ഓഡിറ്റ് അശോക് സിൻഹ തുടങ്ങിവച്ചിരിക്കവേയാണ് അപ്രതീക്ഷിത നീക്കം.
വർഷകാല സമ്മേളനത്തിൽ ഈ മൂന്ന് റിപ്പോർട്ടടക്കം പന്ത്രണ്ട് എണ്ണമാണ് സിഐജി പാർമെന്റിൽ സമർപ്പിച്ചത്. റെയിൽവേ മന്ത്രാലയം , വ്യോമയാനം, വാർത്താവിനിമയം, ഗ്രാമവികസനം, പ്രത്യക്ഷ നികുതി വകുപ്പ് തുടങ്ങിയവയിൽ നടന്ന ക്രമക്കേടുകളും സിഐജി റിപ്പോർട്ടിൽ പുറത്തായിരുന്നു. ആകെ പന്ത്രണ്ട് റിപ്പോർട്ടാണ് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ വച്ചത്.