തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതിയിലെ അപേക്ഷകള്‍ പരിശോധിക്കാന്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ അഭിപ്രായ ഭിന്നത. മന്ത്രിമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായതോടെ പിന്നീട് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഒന്നര മാസമായി വിഷയത്തില്‍ തീരുമാനം എടുക്കാനായിട്ടില്ല. തര്‍ക്കം തുടരുന്നത് ലൈഫ് പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയാണ് തദ്ദേശ വകുപ്പിനുള്ളത്. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ലൈഫ് പദ്ധതിയില്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുണ്ടായതോടെ പരിഹാര മാര്‍ഗം കണ്ടെത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ജീവനക്കാരെ വിന്യസിക്കുന്നതിനു പൊതുമാര്‍ഗരേഖ തയാറാക്കണമെന്നും ജില്ലാ മേധാവികളുടെ അനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ നിര്‍ദേശിച്ചു.
വകുപ്പ് സെക്രട്ടറിമാരുടെയും അനുമതി വേണമെന്ന് കൃഷി, വിദ്യാഭ്യാസ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തോട് തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്‍ അനുകൂലിച്ചില്ല. തദ്ദേശ വകുപ്പിന്റെ അധികാരം കുറയ്ക്കുന്ന നിര്‍ദേശങ്ങളാണിതെന്ന് മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് തീരുമാനമെടുക്കുന്നത് മാറ്റി വച്ചു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാലാണ് മറ്റു വകുപ്പുകളുടെ സഹായം തദ്ദേശവകുപ്പ് തേടിയത്. എന്നാല്‍, ജോലിഭാരം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ജീവനക്കാരെ വിട്ടു നല്‍കിയില്ല. ഇതോടെ ലൈഫിന്റെ പരിശോധന പലയിടത്തും മുടങ്ങി. നവംബര്‍ ഒന്നിന് ആരംഭിച്ച് ഫെബ്രുവരിയില്‍ പരിശോധന അവസാനിപ്പിക്കാനാണ് തദ്ദേശ വകുപ്പ് ആലോചിച്ചിരുന്നത്. 9 ലക്ഷത്തിലധികം അപേക്ഷകളാണ് ലൈഫില്‍ ലഭിച്ചത്. അപേക്ഷകള്‍ വീടുകളിലെത്തി നേരിട്ടു പരിശോധിച്ച് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യണം.