വാഷിങ്ടണ്‍ : രാജ്യാന്തര വിപണിയില്‍ വീണ്ടും എണ്ണവില വര്‍ധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളര്‍ വര്‍ധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍കാന്റില്‍ എക്സ്ചേഞ്ചിലാണ് വില വര്‍ധന. ബ്രെന്റ് ക്രൂഡിന്റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചര്‍ എക്സ്ചേഞ്ചില്‍ 1.31 ഡോളര്‍ വര്‍ധിച്ച് 75.29ലെത്തി. യു.എസിന്റെ എണ്ണ ശേഖരം 4.7 മില്യണ്‍ ബാരല്‍ കുറഞ്ഞുവെന്ന യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വില ഉയര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി എടുക്കുമ്പോള്‍ യു.എസിന്റെ എണ്ണശേഖരത്തില്‍ നിലവില്‍ എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
423.6 മില്യണ്‍ ബാരലാണ് യു.എസിന്റെ നിലവിലെ എണ്ണശേഖരം. വരും മാസങ്ങളിലും ഇതേ രീതിയില്‍ എണ്ണവില ഉയരുമോയെന്നതില്‍ വ്യക്തതയില്ല. യുറോപ്പിലടക്കം പല രാജ്യങ്ങളിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നുണ്ട്. ഒമിക്രോണ്‍ ശക്തമായി കൂടുതല്‍ രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയാല്‍ അത് എണ്ണവിലയെ സ്വാധീനിക്കും.