ഒല ഇലക്ട്രിക് തങ്ങളുടെ ഡെലിവറി ശൃംഖല ബെംഗളൂരുവിനും ചെന്നൈയ്ക്കും പുറത്തേക്ക് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച മുതല്‍ മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യാന്‍ ലഭ്യമാകുമെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒല ഇലക്ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ വ്യാഴാഴ്ച വൈകിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഒല ഇലക്ട്രിക്ക് അതിന്റെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓഗസ്റ്റ് 15-ന് ലോഞ്ച് ചെയ്തത്. പിന്നാലെ ഏകദേശം നാല് മാസത്തിന് ശേഷം ഡിസംബര്‍ 16-ന് വാഹനങ്ങളുടെ ഡെലിവറിയും ആരംഭിച്ചു. EV നിര്‍മ്മാതാവ് ബെംഗളൂരുവിലെയും ചെന്നൈയിലെയും ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് മാത്രമാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനുള്ള വിന്‍ഡോ തുറന്നത്. കഴിഞ്ഞ മാസം, EV നിര്‍മ്മാതാവ് രാജ്യത്തുടനീളം ടെസ്റ്റ് റൈഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഉപഭോക്തൃ അനുഭവ സംരംഭം പുറത്തിറക്കിയിരുന്നു. രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുമായി രംഗത്ത് എത്തിയത്. ബുക്കിംഗില്‍ ചരിത്രം സൃഷ്ടിച്ച ഈ സ്‌കൂട്ടര്‍ വിപണനത്തില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ്.
കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.