ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു പുത്തൻ എസ് വണ്ണും എസ് വൺ പ്രോയും വേഗത്തിൽ ലഭ്യമാക്കാനായി ഇ സ്കൂട്ടർ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചെന്ന് ഓല ഇലക്ട്രിക്. തമിഴ്നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നു നിലവിൽ ദിവസവും ആയിരത്തോളം ഇ സ്കൂട്ടറുകൾ പുറത്തെത്തുന്നുണ്ടെന്നു മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഓല ഇലക്ട്രിക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ വെളിപ്പെടുത്തിയത്. ഉൽപ്പാദനം ഉയർന്നതോടെ അവശേഷിക്കുന്ന ഉപയോക്താക്കൾക്കും സ്കൂട്ടർ വാങ്ങാനുള്ള നടപടികക്രമം പൂർത്തിയാക്കാൻ അവസരം ലഭിക്കുമെന്നും അഗർവാൾ വ്യക്തമാക്കി. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം പോലുള്ള വെല്ലുവിളികൾ മൂലം പ്രതിദിനം 150 സ്കൂട്ടർ ഉൽപ്പാദിപ്പിക്കാൻ ഓല ഇലക്ട്രിക് ബുദ്ധിമുട്ടുകയാമെന്നു വാർത്ത പരന്നിരുന്നു. കമ്പനിയുടെ ബോഡി ഷോപ് സ്ഥാപിത ശേഷിയുടെ പകുതി മാത്രമാണു വിനിയോഗിക്കുന്നതെന്നും പെയ്ന്റ് ഷോപ് പ്രവർത്തനം പോലും ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു വാർത്ത. ഈ പശ്ചാത്തലത്തിലാണു വ്യാഴാഴ്ച ഉൽപ്പാദിപ്പിച്ച ഇ സ്കൂട്ടറുകളുടെ ചിത്രം സഹിതം അഗർവാളിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
അഞ്ഞൂറോളം എക്കർ വിസ്തൃതിയുള്ള ഫ്യൂച്ചർ ഫാക്ടറിയിൽ നിന്ന് ആദ്യ ഘട്ടത്തിൽ പ്രതിവർഷം 20 ലക്ഷം ഇ സ്കൂട്ടറുകളുടെ ഉൽപ്പാദനമാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ച ഫ്യൂച്ചർ ഫാക്ടറിയിൽ വിവിധ മേഖലകളിലായി പതിനായിരത്തോളം വനിതകളാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിച്ച ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്കൂട്ടറുകൾ ഡിസംബർ 15 മുതലാണ് ഓല ഇലക്ട്രിക് ഉടമസ്ഥർക്കു കൈമാറി തുടങ്ങിയത്. ബെംഗളൂരുവിലും ചെന്നൈയിലും പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ആദ്യ 100 ഉടമസ്ഥർക്കുള്ള ഇ സ്കൂട്ടർ കൈമാറ്റം. അടിസ്ഥാന വകഭേദമായ ‘എസ് വണ്ണി’ന് 99,999 രൂപയും മുന്തിയ പതിപ്പായ ‘എസ് വൺ പ്രോ’യ്ക്ക് 1,29,999 രൂപയുമാണു ഷോറൂം വില(‘ഫെയിം’ രണ്ടാം ഘട്ട ഇളവ് അടക്കം; സംസ്ഥാനതലത്തിലുള്ള ആനുകൂല്യം പുറമെ). ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്കൂട്ടറുകൾക്കായി മൊത്തം 90,000 ബുക്കിങ് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് ഓലയുടെ വെളിപ്പെടുത്തൽ. ഓൺലൈൻ വ്യവസ്ഥയിൽ വാഹനം വാങ്ങിയവർക്കെല്ലാം ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്കൂട്ടറുകൾ കൈമാറിക്കഴിഞ്ഞതായും അഗർവാൾ അവകാശപ്പെട്ടിരുന്നു.
എന്നാൽ സ്കൂട്ടർ കൈമാറ്റത്തിനു പിന്നാലെ തന്നെ വാഹനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും സാങ്കേതിക വിഭാഗത്തിൽ നേരിടുന്ന തകരാറുകളെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. സ്കൂട്ടറുകൾക്കു വാഗ്ദാനം ചെയ്ത സഞ്ചാര പരിധി(റേഞ്ച്) ലഭിക്കുന്നില്ലെന്നും ബാറ്ററി ചാർജ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ഇത്തരം പരാതികളെല്ലാം പരിഹരിച്ചെന്നാണ് ഓല ഇലക്ട്രിക്കിന്റെ അവകാശവാദം.