ഇസ്രായേലിലും ഫലസ്തീനിലുമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ ഇസ്രായേലിനെ കുറ്റപ്പെടുത്തി സംയുക്ത പ്രസ്താവനയുമായി ഹാർവാർഡ് സർവകലാശാലയിലെ സംഘടനകൾ. ആംനെസ്റ്റി ഇന്‍റർനാഷണലിൽ രജിസ്റ്റർ ചെയ്ത സംഘടനയായ ഐവി ലീഗ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള 31 സംഘടനകളാണ് ഇസ്രായേലിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ടും സംഘടനകളുടെ കൂട്ടായ്മ പൊതുജനങ്ങൾക്കായി കത്ത് പുറത്തുവിട്ടു. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നും ഫലസ്തീനിലെ ജനങ്ങൾ പതിറ്റാണ്ടുകളായി തുറന്ന ജയിലിൽ കഴിയാൻ വിധിക്കപ്പെട്ടവരാണെന്നും കത്തിൽ പറയുന്നു.
ഗസ്സിലെ ജനങ്ങൾക്ക് അഭയം തേടാനോ ഒളിക്കാനോ ഇടമില്ല. വരും ദിവസങ്ങളിൽ ഇസ്രായേൽ ആക്രമണത്തിന്‍റെ ഭയാനക മുഖമായിരിക്കും ഫലസ്തീൻ നേരിടേണ്ടിവരിക. ഫലസ്തീനെ ഇല്ലാതാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കാൻ ഹാർവാർഡ് സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു -കത്തിൽ പറഞ്ഞു.ഫലസ്തീനിയൻ അധികൃതരുടെ കണക്കനുസരിച്ച് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 450ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാണാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.