തിരുവനന്തപുരം: രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. വെഞ്ഞാറമൂട് സ്വദേശി പ്രസന്നയുടെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യപ്രകാരമായിരുന്നു പോസ്റ്റുമോർട്ടം.
2022 ഓഗസ്റ്റ് 30നായിരുന്നു വെഞ്ഞാറമൂട് സ്വദേശി പ്രസന്നയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂടിലെ വീട്ടിൽ നിന്നും ചിറയിൻകീഴിലെ മകളുടെ വീട്ടിലേക്ക് പോയ 65 കാരിയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തിൽ റെയില്‍പാളത്തിന് സമീപം കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ചിറയിൻകീഴ് പൊലീസിന്റെ നിഗമനം. അമ്മ ആത്മഹത്യ ചെയ്യാൻ സാഹചര്യമില്ലെന്നും മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മക്കള്‍ ഹൈക്കോടതി സമീപിച്ചു. ഹൈക്കോടതിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അമ്മയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം മക്കള്‍ ദഹിപ്പിച്ചിരുന്നില്ല.
തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ലോക്കൽ പൊലീസ് ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നിസാമുദ്ധീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. റീപോസ്റ്റുമോർട്ടത്തിൽ മരണത്തിൻ്റെ വ്യക്തമായ കാരണം അറിയാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.