പ്ലാസ്റ്റിക് സര്‍ജറി, അല്ലെങ്കില്‍ കോസ്മെറ്റിക് സര്‍ജറി ഇന്ന് വളരെയധികം നടക്കാറുണ്ട്. മുൻകാലങ്ങളില്‍ എന്തെങ്കിലും അപകടങ്ങളില്‍ പെട്ടോ മറ്റോ പരുക്കുകള്‍ സംഭവിക്കുമ്പോള്‍ ഇതിനെ നികത്തുന്നതിനായിരുന്നു ഇത്തരം സര്‍ജറികള്‍ നടത്തിയിരുന്നതെങ്കില്‍ ഇന്ന് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി മാത്രം തന്നെ സര്‍ജറികള്‍ നടത്തുന്നവര്‍ ഏറെയാണ്.സെലിബ്രിറ്റികള്‍ മാത്രമല്ല, സാധാരണക്കാരും കോസ്മെറ്റിക് സര്‍ജറികളിലേക്ക് കാര്യമായി ആകര്‍ഷിക്കപ്പെടുന്ന കാലമാണിത്. സമാനമായ രീതിയിലുള്ളൊരു സര്‍ജറിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം തേടുന്നത്.
ലാസ് വേഗാസില്‍ കോസ്മെറ്റിക് സര്‍ജനായ ഡോ. ദേബിപ്രശാദിന്‍റെ നേതൃത്വത്തിലാണ് അറുപത് വയസ് കടന്ന റോയ് കോണ്‍ എന്നയാള്‍ക്ക് ചിലവേറിയ ശസ്ത്രക്രിയ നടത്തിയത്. 1.2 കോടി രൂപയാണത്രേ ഈ ശസ്ത്രക്രിയയ്ക്ക് ചിലവായത്. മൂന്നിഞ്ച് ഉയരമാണ് ശസ്ത്രക്രിയയിലൂടെ ഇദ്ദേഹം കൂട്ടിയിരിക്കുന്നത്.
നേരത്തെ അഞ്ചടി ആറിഞ്ച് ഉയരമായിരുന്നുവത്രേ ഇദ്ദേഹത്തിന്. ഇതില്‍ താൻ നിരന്തരം അപകര്‍ഷത നേരിട്ടിരുന്നുവെന്നും വളരെക്കാലമായി ഉയരം കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നതായും കോണ്‍ പറയുന്നു. ഇതെത്തുടര്‍ന്നാണ് ഡോ. ദേബിപ്രശാദിന്‍റെ ക്ലിനിക്കിലെത്തിയത്.
ഇത്രയും പ്രായമായവരില്‍ ഇങ്ങനെയുള്ള കോസ്മെറ്റിക് സര്‍ജറികള്‍ ചെയ്യുന്നത് അല്‍പം റിസ്കുള്ള കാര്യമാണ്. അറുപത്തിയെട്ട് വയസാണ് റോയ് കോനിന്. ഇത്രയും പ്രായമായവരിലാകുമ്പോള്‍ സര്‍ജറിയുെ ഫലപ്രാപ്തിയുടെ കാര്യത്തിലും സംശയങ്ങളും വെല്ലുവിളികളും ഉണ്ടായിരിക്കും. എന്നാല്‍ വിജയകരമായി ഇദ്ദേഹത്തിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായിരിക്കുകയാണ്. ചിലവേറിയതാണെന്ന് മാത്രമല്ല, ഏറെ വേദനാജനകവുമാണ് ഈ ശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്ക് എടുക്കുന്ന സമയം കൂടുതലല്ല, എന്നാല്‍ ഇതില്‍ നിന്ന് സാധാരണനിലയിലേക്ക് എത്താനെടുക്കുന്ന സമയമാണ് കൂടുതലെന്ന് ഡോ. ദേബിപ്രശാദ് പറയുന്നു. തുടയെല്ലുകള്‍ക്കുള്ളിലൂടെ കമ്പി കടത്തിയാണ് ശസ്ത്രക്രിയയിലൂടെ ഉയരം വര്‍ധിപ്പിക്കുന്നതത്രേ. മാസങ്ങളെടുത്താണ് പതിയെ ഓരോ ഇഞ്ചായി ഉയരം വര്‍ധിക്കുക. ഈ സമയങ്ങളില്‍ നല്ലതോതിലുള്ള വേദനയും രോഗി അനുഭവിക്കേണ്ടിവരാം.