തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച 63 കാരന് 14 വർഷം കഠിന തടവിന് വിധിച്ച് അതിവേഗ പോക്സോ കോടതി. 40000 രൂപ പിഴയും കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചു. കാട്ടാക്കട പോക്സോ അതിവേഗ കോടതിയുടെതാണ് വിധി. പിഴ തുക അതിജീവിതക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ല എങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. കൊണ്ണിയൂർ സെന്‍റ് ത്രേസ്യാസ് സ്കൂളിന് സമീപം എസ് ഒ ഹൗസിൽ സത്യ ദാസി (63) നെയാണ് പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷ വിധിച്ചത്.
2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ അമ്മ ചികിത്സക്കായി ആശുപത്രിയിൽ പോകുന്ന സമയം അതിജീവിതയെയും സഹോദരനെയും സംരക്ഷണത്തിനായി സത്യ ദാസിന്‍റെ വീട്ടിൽ ആണ് നിർത്തിയിരുന്നത്. അതിനിടയിലായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ആ സമയത്ത് കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ഒരു ദിവസം ടി വിയിൽ മറ്റൊരു പീഡന വാർത്ത കണ്ടതോടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തയത്. ടി വിയിലെ പീഡന വാർത്ത കണ്ട അതിജീവിത തനിക്കു നേരിടേണ്ടി വന്ന പീഡനം അമ്മയോട് പറയുകയായിരുന്നു.
കുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന ആർ എസ് അനുരൂപ്, വി കെ വിജയരാഘവൻ എന്നിവർ കുറ്റപത്രം സമർപ്പിച്ച കേസിൽ 15 സാക്ഷികളെയും 14 രേഖകളും ചേർത്ത് വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ പ്രമോദാണ് ഹാജരായത്.