പാലക്കാട് : ഒ.എൽ.എക്സിൽ വില്പനയ്ക്കുവെച്ച ഇരുചക്രവാഹനം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുൽമിനാ വീട്ടിൽ മുഹമ്മദ് സൽമാൻ (24), തൃശ്ശൂർ ഗുരുവായൂർ ഇരഞ്ഞിപ്പുറകര പുത്തൻപള്ളി കുറുപ്പം വീട്ടിൽ മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
2021 ഡിസംബർ 16-നാണ് കേസിനാസ്പദമായ സംഭവം. പുതുശ്ശേരി കുരുടിക്കാട് ഉദയനഗറിൽ സുനിൽകുമാറിന്റെ മോട്ടോർ സൈക്കിൾ ഒ.എൽ.എക്സിൽ വില്പനയ്ക്കുവെച്ചിരുന്നു. സുനിൽ കുമാറിനെ സമീപിച്ച് വാഹനം ഓടിച്ചുനോക്കാൻ താക്കോൽ വാങ്ങിയശേഷം വാഹനവുമായി കടന്നുകളഞ്ഞെന്നാണ് കേസ്. സി.സി.ടി.വി.കൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണത്തിനായി പാലക്കാട്ടേക്ക് ഇരുവരും വന്നത് വയനാട്ടിൽനിന്ന് മോഷ്ടിച്ച മറ്റൊരു സ്കൂട്ടറിലാണെന്ന് പോലീസ് പറഞ്ഞു.
ആ സ്കൂട്ടർ ഉപേക്ഷിച്ചാണ് സുനിലിന്റെ വാഹനവുമായി പ്രതികൾ കടന്നത്. ഈ മോട്ടോർസൈക്കിൾ എറണാകുളത്തുനിന്ന് കണ്ടെത്തി. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.ഇരുവരുടെ പേരിലും സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. പാലക്കാട് ഡിവൈ.എസ്.പി. ഹരിദാസ്, കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ എസ്. അനീഷ്, രംഗനാഥൻ, എ.എസ്.ഐ. രമേഷ്, എസ്.സി.പി. ഒ. ശെൽവരാജ്, സി.പി.ഒ. മുഹമ്മദ് മുആദ്, മൃദുലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.