മസ്കത്ത്: കഴിഞ്ഞ മാസം ഒമാനിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അസാധാരണ ചൂട് അനുഭവപ്പെട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ദലീലിലാണ് ശരാശരി കൂടിയ ചൂട് അനുഭവപ്പെട്ടത്. 45.2 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട താപനില. ബർകയിൽ 45 ഡിഗ്രി സെൽഷ്യസും ഫഹൂദിൽ 44.9 ഡിഗ്രി സെൽഷ്യസും സുനൈനയിൽ 44.7 ഡിഗ്രി സെൽഷ്യസ് ചൂടുമാണ് അനുഭവപ്പെട്ടത്.
മറ്റു മേഖലകളിലും സാധാരണ ഒക്ടോബറിൽ അനുഭവപ്പെടുന്നതിനെക്കാൾ കൂടിയ ചൂടാണുണ്ടായിരുന്നത്. മസീറ ദ്വീപിൽ സാധാരണ ഒക്ടോബറിൽ അനുഭവപ്പെടുന്ന ചൂടിനെക്കാൾ 1.2 ഡിഗ്രി കൂടുതലാണ് താപനില അനുഭവപ്പെട്ടത്. തുംറൈത്ത്, സലാല എന്നിവിടങ്ങളിൽ 0.8 ഡിഗ്രി സെൽഷ്യസ് ചൂട് അധികം അനുഭവപ്പെട്ടു.
കഴിഞ്ഞ മാസം ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ലഭിച്ചിരുന്നു. ധൽകൂത്തിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 236.8 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ജബൽ ശംസിൽ 89 മി.മീറ്ററും ഷാലിമിൽ 57.8 മി.മീറ്ററും റുസ്തഖിൽ 43.8 മി.മീറ്ററും സീഖിൽ 37.2 മി.മീറ്ററും മഴ കിട്ടി.
സാധാരണ ഒക്ടോബർ മുതൽ ഒമാനിൽ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. രാജ്യത്ത് മൊത്തം താപനില കുറയുകയും രാജ്യം ശൈത്യകാലത്തേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്. താപനില 30 ഡിഗ്രിയിലേക്ക് താഴ്ന്നുവരാറുണ്ട്. എന്നാൽ, ഈ പല ദിവസങ്ങളിൽ ഉയർന്ന ചൂടാണ് പരക്കെ അനുഭവപ്പെട്ടിരുന്നത്. ചിലയിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് കടക്കുകയും ചെയ്തിരുന്നു. അസാധാരണമായ ഈ കാലാവസ്ഥാ വ്യതിയാനം പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്.