ഒമാന്‍ : ആഗോള പുകയില വിരുദ്ധ സൂചികയില്‍ അറബ് ലോകത്ത് ഒന്നാംസ്ഥാനവുമായി ഒമാന്‍. ആഗോളതലത്തില്‍ 16ാം സ്ഥാനമാണ് രാജ്യം നേടിയത്. ഏതാനും മാസങ്ങളായി പുകയില ഉപയോഗം നിയന്ത്രിക്കുന്നതില്‍ ഒമാന്‍ ഭരണകൂടം വന്‍ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് ഇന്‍ ടൊബാക്കോ കണ്‍ട്രോള്‍ (ജി.ജി.ടി.സി) പ്രസിദ്ധീകരിച്ച സൂചികയിലാണ് അറബ് ലോകത്ത് ഒമാന്‍ ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനായി 80 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് പുകയില ഉപയോഗത്തിലൂടെ ആഗോളതലത്തില്‍ ഏഴു ദശലക്ഷത്തോളം ആളുകളാണ് വര്‍ഷംതോറും മരിക്കുന്നത്.
പരോക്ഷ ഉപയോഗത്തിലൂടെ 1.2 ദശലക്ഷം ആളുകളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. ഒമാന്‍ സര്‍ക്കാര്‍ പുകയിലയുടെ ഉപഭോഗം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും പുകവലിക്കുന്നതിന് ഒമാനില്‍ നിയന്ത്രണമുണ്ട്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയിലയും പുകയിലയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും വില്‍ക്കുന്നതും കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ജി.സി.സിയുടെ സംയുക്ത തീരുമാനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ബില്‍ ബോര്‍ഡുകളിലും പരസ്യം പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. തുച്ഛമായ വിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ 2019 മുതല്‍ ഉയര്‍ന്ന തോതിലുള്ള എക്‌സൈസ് നികുതിയാണ് പുകയില ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഒമാനില്‍ 23 ശതമാനം പുരുഷന്മാരും 1.5 ശതമാനം സ്ത്രീകളും പുകവലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.