മസ്‍കത്ത്: ഒമാനിൽ 60 കിലോയിലധികം മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍. ഏഷ്യക്കാരായ കള്ളക്കടത്തുകാരില്‍ നിന്ന് ക്രിസ്റ്റൽ മെത്ത് എന്ന മയക്കുമരുന്നാണ് റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തത്. അന്താരാഷ്‍ട്ര ബന്ധങ്ങളുള്ള കള്ളക്കടത്ത് സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും ഏഷ്യക്കാരാണ്.
കടൽ മാർഗം രാജ്യത്തേക്ക് മയക്കുമരുന്നുമായി എത്തിയ മൂന്നംഗ സംഘത്തെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പോലീസ്, മയക്കു മരുന്ന് പ്രതിരോധ ജനറൽ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് കുടുക്കിയത്. കൈവശമുണ്ടായിരുന്ന അഞ്ച് വലിയ പ്ലാസ്റ്റിക് ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടിയിലായ മൂന്ന് പേര്‍ക്കുമെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.