മസ്‍കത്ത്: ഒമാനില്‍ ഞായറാഴ്‍ച മുതല്‍ ‘ഫ്ലെക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം’ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജോലിക്ക് എത്തുന്നതിനോ ജോലി അവസാനിപ്പിക്കുന്നതിനോ കൃത്യമായ സമയം നിശ്ചയിക്കാതെ ജീവനക്കാര്‍ക്ക് ഇഷ്‍ടാനുസരണം സമയം തെരഞ്ഞെടുക്കാമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ സംവിധാനം ബാധകമാവുക.
ഒമാനില്‍ സിവില്‍ സര്‍വീസ് നിയമവും അതിന്റെ ഭാഗമായ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മെയ് 15 തിങ്കളാഴ്‍ച മുതല്‍ ‘ഫ്ലെക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം’ നടപ്പാക്കുന്നതായാണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ജീവനക്കാരുടെ ഹാജറും ജോലി അവസാനിപ്പിച്ച് പോകുന്ന സമയവും സ്വന്തം ഇഷ്‍ടപ്രകാരം തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ സാധിക്കും. പുതിയ രീതി അനുസരിച്ച് രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30വരെയായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുക. ഇതിനിടയില്‍ ഏഴ് മണിക്കൂര്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്‍തിരിക്കണമെന്നതാണ് വ്യവസ്ഥ. ജോലി തുടങ്ങുന്ന സമയം മുതലായിരിക്കും ജോലി സമയം കണക്കാക്കുന്നത്.