വിശാഖപട്ടണം: ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും രണ്ട് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 35 ആയി. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശിൽ ഒമിക്രോൺ ബാധിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. ചണ്ഡീഗഡിലെ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരൻ ഒമിക്രോൺ പോസിറ്റീവായി.
നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്‍റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലാത്ത ഇയാൾ ഇറ്റലിയിൽ വെച്ച് ഫൈസർ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയുകയാണ്. ബന്ധുക്കളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഡൽഹിയിൽ രണ്ടാമത്തെ കേസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. പുതിയ കോവിഡ് പോസിറ്റീവ് കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന് ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തു. കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 19 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനും 10നും ഇടയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക് ഉയർന്ന 27 ജില്ലകളിൽ കർശന ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു. ഏതെങ്കിലും ജില്ലയിൽ കേസുകളുടെ വർധനവ് രേഖപ്പെടുത്തുകയാണെങ്കിൽ മാർഗനിർദേശങ്ങൾ അനുസരിച്ച് കടുത്ത പ്രദേശിക നിയന്ത്രണം ഏർപ്പെടുത്തണം – ഭൂഷൺ കത്തിൽ ചൂണ്ടിക്കാട്ടി. പരിശോധന വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.