തിരുവനന്തപുരം : വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്നു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമെത്തി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവന്ന 52 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവന്ന 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ രണ്ടുപേര്‍ക്ക് വിദേശ സമ്പര്‍ക്കമില്ലാത്തതാണ് ആശങ്കയേറ്റുന്നത്. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എത്രയും പെട്ടെന്ന് രോഗബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ആന്റിജന്‍ പരിശോധനയിലൂെട കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറന്റീനിലാക്കിയാല്‍ ഒമിക്രോണ്‍ വ്യാപനവും നിയന്ത്രിക്കാനാകും. സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരില്‍ കൂടുതലും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് എത്തിയവരാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിലവില്‍ സ്വയം നിരീക്ഷണമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ പൊതു സമൂഹവുമായി ഇടപഴകുന്നത് തടയാന്‍ നടപടിയില്ല.