ദില്ലി: ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആർ. നാല് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെയാണ് പുതിയ ടെസ്റ്റ് കിറ്റ് എത്തുന്നത്. രാജ്യത്ത് പ്രതിദിന കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം തന്നെ സമ്മതിക്കുന്നു. കേരളത്തിലേതടക്കം രോഗികളുടെ നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. എന്നാൽ മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നാണ് നിർദ്ദേശം. ഇതിനിടയിലും കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിൻ നൽകുമെന്നും ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. കൊവാക്സീൻ സ്വീകരിച്ചവർക്ക് കൊവാക്സീനും, കൊവിഷീൽഡ് സ്വീകരിച്ചവർക്ക് കൊവിഷീൽഡും തന്നെ കരുതൽ ഡോസായി നൽകും.