മുബൈ: ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി. രാവിലെ 9.45ഓടെ സെൻസെക്സ് 1108 പോയന്‍റ് ഇടിഞ്ഞ് 55,903ലും നിഫ്റ്റി 339 പോയന്‍റ് ഇടിഞ്ഞ് 16,646ലുമെത്തി. ആഭ്യന്തര ഓഹരിവിപണിയിലെ ഈ വർഷത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്നാണിത്. ഏഷ്യൻ ഓഹരിവിപണികളില്ലെല്ലാം നഷ്ടത്തോടെയാണ് തുടക്കം. എണ്ണവിലയിലും ഇടിവുണ്ടായി. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ഡൗൺ ഏർപ്പെടുത്തിയതും ആഗോള സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുമെന്ന ഭയവുമാണ് തകർച്ചക്ക് കാരണം.
ഒന്നരവർഷത്തിനിടെ ആദ്യമായി ചൈന വായ്പ നിരക്ക് കുറച്ചതും ഏഷ്യൻ സൂചികകളെ പ്രതികൂലമായി ബാധിച്ചു.ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥകളുടെ വീണ്ടെടുക്കലിനെ ദോഷകരമായി ബാധിക്കുമെന്നും നിക്ഷേപകർ ആശങ്കപ്പെടുന്നു. ഓഹരി വിപണിയിലെ എല്ലാ മേഖലകളിലും വിൽപന സമ്മർദ്ദം കാണാം. ബാങ്കിങ്, ഓട്ടോമൊബൈൽ, ഐ.ടി, റിയൽ എസ്റ്റേറ്റ് മേഖലകളിലെല്ലാം തന്നെ ഇടിവ് രേഖപ്പെടുത്തി.