ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം നീട്ടിവച്ചു. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 738 ആയതോടെ സംസ്ഥാനങ്ങള്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇവിടെ ഭാഗിക ലോക്ഡൗണ്‍ നിലവില്‍ വന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. 238 പേര്‍ക്കാണ് ഇതുവരെ ദില്ലിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളില്‍ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വര്‍ധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തില്‍ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി. ദില്ലി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. മുംബൈയില്‍ മാത്രം കേസുകളില്‍ 70 ശതമാനം വര്‍ധനയുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നല്കി.
ഗുജറാത്തില്‍ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്യായി ബിഹാറിലും രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്ഥാനങ്ങള്‍ ഇതിനോടകം രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്സീന് സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒമിക്രോണ്‍ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണോയെന്നത് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഘം ഉത്തര്‍പ്രദേശില്‍ തുടരുകയാണ്. 75 ജില്ലകളിലെ കളക്ടര്‍മാരുമായും, പോലീസ് മേധാവിമാരുമായും കമ്മീഷന് ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടെന്നാണ് ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടത്. നാളെ ഉച്ചക്ക് വാര്‍ത്ത സമ്മളനം നടത്തുന്ന കമ്മീഷന് വൈകുന്നേരത്തോടെ ദില്ലിക്ക് മടങ്ങും. കേന്ദ്രസര്‍ക്കാരിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.