ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളമാണ് മൂന്നാമത്. ആറു സംസ്ഥാനങ്ങളില്‍ 50ല്‍ കൂടുതല്‍ കേസുകളുണ്ട്. രാജ്യത്ത് പ്രതിദിന രോഗബാധയും ഉയര്‍ന്നു. പ്രതിദിന കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ് രണ്ടാംതരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട് എട്ടുമാസമാകുമ്പോഴാണ് വീണ്ടും ആശങ്കയുടെ കണക്കുകള്‍. 24 മണിക്കൂറിനിടെ 16,764 പേര്‍ കോവിഡ് പോസിറ്റീവായി. 220 ജീവന്‍ നഷ്ടമായി. 91,361 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി.
അതേസമയം, രണ്ടാം ഡോസ് നല്‍കിയ അതേ വാക്‌സീന്‍ തന്നെയാകുമോ മുന്‍കരുതല്‍ ഡോസായി നല്‍കുക എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഐസിഎംആര്‍ അറിയിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്റെ റജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. കോവാക്‌സിനാണ് കൗമാരക്കാര്‍ക്ക് നല്‍കുക.