സിംഗപ്പൂര്‍ : അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വൈകാതെ ലോകത്തിലെ പ്രബല കോവിഡ്19 വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ആരോഗ്യ വിദഗ്ധര്‍. ആഫ്രിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇപ്പോഴും ഡെല്‍റ്റ വകഭേദത്തിന് തന്നെയാണ് ആധിപത്യം. എന്നാല്‍ യുകെ, അമേരിക്ക, റഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഒമിക്രോണ്‍ മൂലമാണ് ഉണ്ടാകുന്നത്. ആഗോള ഡേറ്റ സയന്‍സ് സംരംഭമായ ജിഐഎസ്എയ്ഡിന്‍റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഒരു മാസമുണ്ടായ പുതിയ കോവിഡ് കേസുകളില്‍ ശരാശരി ഏഴു മുതല്‍ 27 ശതമാനം വരെ ആഗോള തലത്തില്‍ ഒമിക്രോണ്‍ മൂലമുള്ളതാണ്. ഇപ്പോഴത്തെ കണക്കുകള്‍ വച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടന്ന് പ്രബല കോവിഡ് വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ഗവണ്‍മെന്‍റ് ആരോഗ്യ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ മോറര്‍ സ്ട്രോഹ് പറയുന്നു. നവംബര്‍ 11ന് ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം പിന്നീട് ബോട്സ്വാനയിലേക്കും ഹോങ്കോങ്ങിലേക്കും പടര്‍ന്നു. ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ 110 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പല രാജ്യങ്ങളും കൃത്യമായി ജനിതക സീക്വന്‍സിങ് നടത്താത്തതിനാല്‍ ഒമിക്രോണ്‍ വ്യാപനത്തിന്‍റെ ശരിയായ ചിത്രം ലഭിക്കുന്നുണ്ടാകില്ലെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ഡെയ്ല്‍ ഫിഷര്‍ അഭിപ്രായപ്പെട്ടു. ഡെല്‍റ്റയ്ക്ക് മുന പോലുള്ള സ്പൈക് പ്രോട്ടീനില്‍ 13 വ്യാതിയാനങ്ങളുള്ളപ്പോള്‍ ഒമിക്രോണിന് സ്പൈക് പ്രോട്ടീനിലെ 32 വ്യതിയാനങ്ങള്‍ ഉള്‍പ്പെടെ ആകെ 50 ജനിതക വ്യതിയാനങ്ങളാണുള്ളത്. ഇത് കൂടുതല്‍ ഫലപ്രദമായി മനുഷ്യ കോശങ്ങളിലേക്ക് ഒട്ടിപ്പിടിക്കാനും ഉള്ളില്‍ പ്രവേശിക്കാനും ഒമിക്രോണിനെ സഹായിക്കുന്നു. ഓരോ വര്‍ഷവും ഓരോ തരം ഫ്ളൂ വകഭേദങ്ങളെ കാണുന്നത് പോലെ കൊറോണ വൈറസും പല വകഭേദങ്ങളായി വരും വര്‍ഷങ്ങളില്‍ മടങ്ങിയെത്താമെന്നും വാക്സീനുകളും ബൂസ്റ്റര്‍ ഡോസുകളും വഴി രോഗതീവ്രത കുറച്ചു നിര്‍ത്തുക മാത്രമാണ് പരിഹാര മാര്‍ഗമെന്നും ഡോ. സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഡെല്‍റ്റയും ഒമിക്രോണും ആധിപത്യത്തിനായി മത്സരിക്കുമ്പോൾ രണ്ട് വകഭേദങ്ങളും ഒരുമിച്ച് ഒരാളില്‍ വരുന്ന ഇരട്ട അണുബാധയ്ക്കും അപൂര്‍വമായ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.