റിയാദ്: മുൻവർഷങ്ങളേക്കാൾ കഠിനമായ ചൂടാണ് ഇത്തവണത്തെ ഹജ്ജ് ദിങ്ങളിൽ അറഫയിലും മിനയിലും അനുഭവപ്പെട്ടത്. 6,300 ഹാജിമാർ സൂര്യാഘാതമേറ്റ് ചികിത്സ തേടി എന്നാണ് കണക്ക്. സൗദിയിലെ വിവിധ ആശുപത്രികളിൽ 2,15,000 തീർഥാടകർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്.
65 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ലഭിച്ച ഹജ്ജ് അവസരമായതിനാൽ പ്രായാധിക്യമുള്ളവർ ഇത്തവണ വളരെ കൂടുതൽ എത്തിയിരുന്നു. നാല് മലയാളികൾ ഉൾപ്പെടെ നാല്‍പതോളം ഇന്ത്യൻ തീർത്ഥാടകർ ഹജ്ജ് ദിങ്ങളിൽ വിവിധ കാരണങ്ങളാൽ മരിച്ചു.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ആത്മീയ സായൂജ്യമടഞ്ഞ് ഹാജിമാർ മിനയോട് വിടപറഞ്ഞു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പേ ജംറയിലെ സ്തൂപത്തിലെ കല്ലേറ് കർമം നിർവഹിച്ച് അവർ യാത്ര പറഞ്ഞ് തുടങ്ങിയിരുന്നു. ഇതോടെ ആറ് നാൾ നീണ്ട, 20 ലക്ഷത്തോളം ഭക്തർ പങ്കെടുത്ത വിശ്വമഹാസംഗമത്തിന് സമാപനമായി. ഭൂരിഭാഗം ഹാജിമാരും വെളിയാഴ്ച തന്നെ മിന താഴ്വാരം വിട്ടിരുന്നു. അവശേഷിച്ചവരാണ് ശനിയാഴ്ച അവസാന കല്ലേറ് കർമം നിർവഹിച്ച് മിനയിൽനിന്നും യാത്രയായത്. കഅ്ബയുടെ അടുത്തെത്തി പ്രാർഥിച്ചു വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോടും വിട ചൊല്ലും.