തിരുവനന്തപുരം ∙ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞ് ഇന്നലെ പൂർത്തിയായപ്പോൾ വാങ്ങിയത് ആകെ 5.60 ലക്ഷം പേർ. മഞ്ഞ കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി. ആകെ 5,87,096 മഞ്ഞ കാർഡ് ഉടമകളിൽ 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. കോട്ടയം ജില്ലയിലെ 34,465 മഞ്ഞകാർഡ് ഉടമകളിൽ 26,400 പേർ കിറ്റ് വാങ്ങി. 8065 പേർ വാങ്ങിയില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണം തുടക്കത്തിൽ കോട്ടയം ജില്ലയിൽ കിറ്റ് വിതരണത്തിനു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. 28നു വൈകിട്ടാണ് വിതരണത്തിന് അനുമതി ലഭിച്ചത്.