തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 22ന് ആരംഭിക്കും. വൈകിട്ട് 4ന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. റേഷൻ കടകൾ വഴി പൂർണ തോതിലുള്ള വിതരണം 23 ന് ആരംഭിക്കും.ആദ്യം അന്ത്യോദയ അന്നയോജന (എഎവൈ) കാർഡ് ഉടമകൾക്കാണു കിറ്റ് നൽകുക. തുണിസഞ്ചി ഉൾപ്പെടെ 14 ഉൽപന്നങ്ങൾ അടങ്ങിയതാണ് കിറ്റ്. എന്നാൽ, കിറ്റ് കേടാകാതിരിക്കാൻ വെളിച്ചെണ്ണ പ്രത്യേകം നൽകും.
ഇന്നു വിതരണം ആരംഭിക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കിറ്റിലെ ഇനങ്ങളായ ഉപ്പും തുണിസഞ്ചിയും ലഭ്യമായില്ല. സപ്ലൈകോയുടെ ‘ശബരി’ ബ്രാൻഡ് ഉപ്പ് സ്റ്റോക്ക് ഉണ്ടെങ്കിലും ആദ്യ പരിശോധനയിൽ അയഡിൻ അംശം നിശ്ചിത അളവിൽ ഇല്ലെന്ന കാരണത്താൽ ഇത് ഒഴിവാക്കിയിരുന്നു. രണ്ടാം പരിശോധനയിൽ അളവിൽ കുഴപ്പമില്ലെന്നാണു കണ്ടെത്തൽ. പാക്കിങ് കേന്ദ്രങ്ങളിൽ മറ്റ് ഉൽപന്നങ്ങൾ എത്തിയെങ്കിലും തുണിസഞ്ചി ഇല്ലാത്തതിനാൽ ഉൽപന്നങ്ങൾ നിറച്ച് കിറ്റായി തയാറായിട്ടുമില്ല. മൂന്നു ടെൻഡറുകളാണു തുണിസഞ്ചിക്കായി ലഭിച്ചതെന്ന് അറിയുന്നു.