തിരുവനന്തപുരം: ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, ആന്റണി രാജു എന്നിവർ അറിയിച്ചു. ടൂറിസം ഡയറക്ടറേറ്റിൽ നടന്ന വിവിധ സംഘാടക സമിതി കൺവീനർമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
ഒരു പരാതിയും ഉണ്ടാകാത്ത വിധമുള്ള ഒരുക്കങ്ങളാണ് വിവിധ സംഘാടക സമിതികൾ നടത്തിയതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലാപരിപാടികൾ നടക്കുന്ന 31 വേദികളിലെയും ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ എണ്ണയിട്ട യന്ത്രം പോലെയാണ് ഓണം വാരാഘോഷ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംഘാടനത്തിൽ പുതുതലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി.
ടൂറിസം ക്ലബ്ബ് വളണ്ടിയർമാരുടെ സേവനം ഇത്തവണയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിലും മികച്ച ഇല്ല്യുമിനേഷൻ ആണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. കൂടുതൽ പ്രാദേശിക കലാകാരന്മാർക്ക് അവസരം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണം വാരാഘോഷ ദിനങ്ങളിൽ പ്രധാന വേദികളെ ബന്ധിപ്പിച്ചും മറ്റ് നഗര പാതകളിലൂടെയും രാത്രി 12 മണി വരെ ഇലക്ട്രിക് ബസ് സർവീസ് ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു.
ഇലക്ട്രിക് ബസുകളിൽ ഒരു യാത്രയ്ക്ക് 10 രൂപ മാത്രമാണ് ചാർജ്. 30 രൂപ ടിക്കറ്റ് എടുത്താൽ രാത്രി 12 വരെ എവിടെ വേണമെങ്കിലും ഈ ബസ്സിൽ യാത്ര ചെയ്യാം. പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കി പരമാവധി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡിസിപി നിധിൻ രാജ് അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരത്തെ ഒൻപത് സോണുകളായും 31 ഡിവിഷനുകളായും തിരിച്ചിട്ടുണ്ട്.
സോണുകൾ അസിസ്റ്റൻ്റ് കമ്മീഷണറന്മാരുടെയും ഡിവിഷനുകൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കും. സുരക്ഷയ്ക്കായി 1850 പോലീസുകാരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തിയ പാർക്കിംഗ് സൗകര്യങ്ങളെ സംബന്ധിച്ച് പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും മറ്റു മാധ്യമങ്ങൾ വഴിയും സമയാസമയങ്ങളിൽ അറിയിക്കും. പ്രധാന ഇടങ്ങളിലെല്ലാം സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഫ്തി പട്രോളിങ്ങും ഡോഗ് സ്ക്വാഡ് പരിശോധനയും നടത്തുന്നുണ്ടെന്നും ഡിസിപി അറിയിച്ചു.