കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ വഴി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു ഒന്നരകിലോഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ കോയമ്പത്തൂരിലേക്ക് പോകുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് പേരിൽ നിന്ന് 1.5 കിലോ തൂക്കം വരുന്ന സ്വർണ്ണക്കട്ടികളാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നീ രണ്ട് യാത്രക്കാരിൽ നിന്നാണ് തുണി ബെൽറ്റിൽ പൊതിഞ്ഞ് അരയിൽ കെട്ടിയ നിലയിലുള്ള സ്വർണക്കട്ടികൾ കണ്ടെടുത്തത്. ശ്രീധരനിൽ നിന്ന് ഒരു കിലോ സ്വർണവും മഹേന്ദ്ര കുമാറിൽ നിന്ന് 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിവിധ വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണമിശ്രിതം സ്വർണക്കട്ടികളാക്കി കോയമ്പത്തൂർ വഴി മധുരയിലേക്ക് അയക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയിൽവേ സ്റ്റേഷനും പരിസരവും നിരീക്ഷണത്തിലായിരുന്നു.
അസിസ്റ്റന്റ് കമ്മീഷണർ സിനോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീ ബഷീർ അഹമ്മദ്, ശ്രീ പ്രവീൺ കുമാർ കെ കെ, ,പ്രകാശ് എം, ഇൻസ്പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം എന്നിവർ പരിശോധനയിലും പിടിച്ചെടുക്കലിലും പങ്കെടുത്തു.