മസ്‌കറ്റ്: ഒമാനില്‍ വന്‍ മദ്യശേഖരവുമായി വിദേശി പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് വന്‍ മദ്യശേഖരവുമായെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഏഷ്യക്കാരനാണ് പിടിയിലായത്. കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ മദ്യം സൂക്ഷിച്ചത്. അറസ്റ്റിലായ ആള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനാണ് പിടിയിലായത്. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.