ഭോപ്പാല്‍: യുപി മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന് 9 തവണ വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. സഹോദരൻ അഷ്റഫ് അഹമ്മദിന്‍റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. ഒരു വെടിയുണ്ട ആതിഖ് അഹമ്മദിന്‍റെ തലയില്‍ നിന്നും എട്ട് വെടിയുണ്ടകള്‍ നെഞ്ചിലും ശരീരത്തിന്‍റെ പുറകില‍് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്.
അഞ്ച് പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് അതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇരുവർക്കും നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികളെയും ഏപ്രില്‍ 29 വരെ പ്രയാഗ്‍രാജ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ന് പ്രതികളെയെല്ലാം പ്രയാഗ്‍രാജിലെ ജയിലില്‍ നിന്ന് പ്രതാപ്ഗഡിലെ ജില്ലാ ജയിലിലേക്ക് മാറ്റി. മൂന്ന് പേരടങ്ങുന്ന രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് കേസില്‍ അന്വേഷണം നടത്തുന്നത്. അഡീഷണല്‍ ഡിസിപി സതീഷ് ചന്ദ്രയുടെ നേതൃത്തിലുള്ള എസ്ഐടിയും എഡിജി ഭാനു ഭാസ്ക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയുമാണ് രൂപികരിച്ചിക്കുന്നത്. ആദ്യ സംഘത്തിന്‍റെ അന്വേഷണത്തിന് രണ്ടാമത്ത സംഘം മേല്‍നോട്ടം വഹിക്കും.. ഇതിനിടെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വിവിധ ഹർജികള്‍ സുപ്രീംകോടതിയില്‍ എത്തി. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ അന്വേഷണ കമ്മീഷൻ രൂപികരിക്കണമെന്ന് ആവശ്യപ്പെടുന്നതാാണ് ഹർജികളില്‍ ഒന്ന്.
യുപിയില്‍ മുന്‍പ് നടന്ന 188 ഏറ്റുമുട്ടൽ കൊലകളും അന്വേഷിക്കണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച മറ്റൊരു ഹർജിയും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിൽ ഏർപ്പെടുത്തിയ കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ഉപമുഖ്യമന്ത്രിമാരുടെയും ഇന്നത്തെ പൊതു പരിപാടികളും ഒഴിവാക്കി.