ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന ബി.ജെ.പി അജണ്ട പടുവിഡ്ഢിത്തമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരീക്ഷകൾ വികേന്ദ്രീകരിച്ച് നടത്താൻ സംസ്ഥാനങ്ങളെ ഏൽപിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീം അഭിപ്രായപ്പെട്ടു. നീറ്റ് യു.ജി വിവാദത്തിൽ അങ്ങേയറ്റം ആശങ്ക രേഖപ്പെടുത്തിയ മുഹമ്മദ് സലീം ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു.
പുതിയ ക്രിമിനൽ നിയമ വ്യവസ്ഥാ നിയമങ്ങൾക്ക് പകരം ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയിൽ ഭേദഗതി കൊണ്ടുവരികയായിരുന്നു വേണ്ടിയിരുന്നതെന്ന് അദ്ദേഹം തുടർന്നു. പാർലമെന്റിൽ മതിയായ ചർച്ച കൂടാതെയാണ് ഭാരതീയ നീതി സംഹിതയും ഭാരതീയ പൗര സംരക്ഷണ സംഹിതയും ഭാരതീയ സാക്ഷ്യ നിയമവും പാസാക്കിയതെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.