രാവിലെ ഓടാനോ നടക്കാനോ ഒക്കെ പോകുന്നത് മനസിനും ശരീരത്തിനും ഉന്മേഷം തരുന്ന കാര്യമാണ് അല്ലേ? എന്നാൽ, ആ സമയത്തും ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടേണ്ടി വന്നാൽ എന്താവും അവസ്ഥ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തലസ്ഥാന നഗരിയിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ ഒരു വനിതാ ഡോക്ടർ അക്രമിക്കപ്പെട്ടത്. എന്നാൽ, ഇത് ഏതെങ്കിലും ഒരു പ്രത്യേക നഗരത്തിലോ രാജ്യത്തോ മാത്രം നടക്കുന്ന ഒന്നല്ല എന്നാണ് ഒരു പഠനം പറയുന്നത്. ലോകത്തെമ്പാടും സ്ത്രീകൾ രാവിലെ ഓടാൻ പോകുമ്പോൾ അക്രമിക്കപ്പെടുന്നുണ്ട് എന്നും അവരെപ്പോഴും അതിക്രമങ്ങളെ കുറിച്ച് ജാഗരൂകരാണ് എന്നും പഠനം പറയുന്നു.
ലോകത്തെമ്പാടും 92 ശതമാനം സ്ത്രീകളും അതായത് പത്തിൽ ഒമ്പത് സ്ത്രീകളും പറയുന്നത് ഇത്തരം ജാഗ്രതകളെല്ലാം പാലിച്ചാണ് തങ്ങൾ ഓടാൻ പോകുന്നത് എന്നാണ്. ചൈന, ജപ്പാൻ, ഫ്രാൻസ്, യുഎസ് തുടങ്ങി ഒമ്പത് രാജ്യങ്ങളിലെ ഓടാനിറങ്ങുന്ന 9000 സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓടാൻ പോകുമ്പോൾ ശാരീരികമായി അക്രമിക്കപ്പെടുമോ എന്ന് ഭയക്കുന്നതായി 51 ശതമാനം സ്ത്രീകളാണ് പറഞ്ഞത്. വെറും 28 ശതമാനം പുരുഷന്മാർ മാത്രമാണ് അതേ സമയത്ത് അക്രമിക്കപ്പെടുമോ എന്ന് ഭയമുള്ളതായി പറഞ്ഞത്. 38 ശതമാനം സ്ത്രീകളും തങ്ങൾ ഓടാൻ പോകുമ്പോൾ ശാരീരികമായോ മാനസികമായോ അക്രമിക്കപ്പെട്ടതായി സർവേയിൽ വെളിപ്പെടുത്തി. അതിൽ മോശം കമന്റുകളും ലൈംഗികച്ചുവയുള്ള പരാമർശങ്ങളും എല്ലാം പെടുന്നു. അതുപോലെ തങ്ങളെ പുരുഷന്മാർ പിന്തുടർന്നതായി 53 ശതമാനം പേരും പറഞ്ഞു.
69 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ എങ്ങനെ ഒഴിവാക്കാം, നേരിടാം എന്നതെല്ലാം ആലോചിച്ചും വേണ്ട മുൻകരുതലുകളെടുത്തുമാണ് ഓടാൻ പോകുന്നത് എന്ന് സർവേയിൽ പറയുന്നു. അതിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കൂടെ ആരെയെങ്കിലും കൂട്ടുക എന്നിവയെല്ലാം പെടുന്നു.
അതേ സമയം ഇത്തരം അതിക്രമങ്ങൾ തങ്ങളിൽ ആങ്സൈറ്റി അടക്കമുള്ള വലിയ മാനസിക പ്രശ്നങ്ങളുണ്ടാക്കിയതായും സ്ത്രീകൾ പറയുന്നു. വൈറ്റ് റിബൺ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ, ‘വിമൻ വി റൺ’ സംരംഭത്തിന്റെ ഭാഗമായി അഡിഡാസിനായി വിട്രിയസ് വേൾഡാണ് സർവേ നടത്തിയത്.