ഉപഭോക്താക്കൾക്ക് വയറു നിറയെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ഉണ്ട് മധ്യപ്രദേശിലെ ദാമോ നഗരത്തിൽ. 63 വർഷം പഴക്കമുള്ള ലാംഗ്ഡ ഹോട്ടലിൽ ഉപഭോക്താക്കൾക്ക് രുചികരമായ ഭക്ഷണങ്ങൾ വയറു നിറയെ കഴിക്കാം. മറ്റൊരു കാര്യം കൂടി ഈ ഹോട്ടലിനെ വ്യത്യസ്തമാക്കുന്നു. മറ്റൊന്നുമല്ല ഇവിടെയെത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഏതെങ്കിലും ഒരു വിഭവം സൗജന്യമായി കഴിക്കാം. കേൾക്കുമ്പോൾ അതിശയകരമായി തോന്നാമെങ്കിലും ദാമോ നഗരത്തിലെത്തുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമാണ് ലാംഗ്ഡ ഹോട്ടൽ. ബുണ്ടേലി ഉൾപ്പെടെയുള്ള മധ്യപ്രദേശിലെ പരമ്പരാഗത ഭക്ഷണങ്ങൾക്കും ഈ ഹോട്ടൽ ഏറെ പ്രശസ്തമാണ്.
“നഗരത്തിലെ ആദ്യത്തെ ഹോട്ടൽ” എന്നറിയപ്പെടുന്ന ഈ ഹോട്ടലിന് യാതൊരു മുഖവുരയുടെയും ആവശ്യമില്ല. ഇവിടുത്തെ ഭക്ഷണ വിഭവങ്ങൾക്ക് ഗൃഹാതുരമായ രുചിയുണ്ട് എന്നാണ് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നത്. എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ വിഭവം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത. വെറും 25 രൂപ കൊണ്ട് ഇവിടെ നിന്ന് വയറു നിറയെ ഭക്ഷണം കഴിക്കാം. അതിനാൽ ഇതിനെ പാവപ്പെട്ടവന്റെ അടുക്കള എന്നും വിളിക്കുന്നു.
1960 -ലാണ് ലാംഗ്ഡ ഹോട്ടൽ ആരംഭിച്ചതെന്ന് ഹോട്ടലിന്റെ ഇപ്പോഴത്തെ ഉടമ സഞ്ജീവ് ദുബെ പറഞ്ഞു. സഞ്ജീവ് ദുബെയുടെ മുത്തശ്ശന്റെ കാലത്താണത്രേ ഈ ഹോട്ടൽ ആരംഭിച്ചത്. വളരെ മിതമായ സൗകര്യത്തിൽ പരമ്പരാഗതമായ ഭക്ഷണം പാചകം ചെയ്യുന്ന ഈ ഹോട്ടലിലേക്ക് ദിനംപ്രതി 100 കണക്കിന് ആളുകളാണ് ഇപ്പോഴും എത്തുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സമീപത്തെ മറ്റു ഹോട്ടലുകളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചെറിയ സൗകര്യത്തിൽ ആണെങ്കിൽ കൂടിയും ഇവിടേക്ക് ആളുകൾ ഭക്ഷണം കഴിക്കാൻ എത്തുന്നത്.