കായംകുളം: മലയാള സിനിമയുടെ നിത്യഹരിത നായകൻ േപ്രംനസീർ വിടചൊല്ലിയിട്ട് 33 വർഷം പിന്നിടുമ്പോൾ സഹായിയായി ഒപ്പമുണ്ടായിരുന്ന രാജന്റെ മനസിൽ നിറയുന്നത് മറക്കാനാകാത്ത ഓർമകളുടെ കൂമ്പാരം. സിനിമപ്രേമികളുടെ എക്കാലത്തെയും ഇഷ്ടനായകനായിരുന്ന പ്രേംനസീർ 1989 ജനുവരി 16 നാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്. സിനിമ യാത്രകളിലും അല്ലാതെയും പ്രേംനസീറിനൊപ്പം കഴിഞ്ഞ കാലത്തെ അടുപ്പവും അനുഭവങ്ങളുമാണ് കറ്റാനം ഇലിപ്പക്കുളം ജലാലിയ മൻസിൽ രാജന് (സൈനുല്ലാബ്ദീൻ 63) പങ്കുവെക്കാനുള്ളത്. 10 വർഷമാണ് നസീറിനൊപ്പം രാജൻ സഞ്ചരിച്ചത്. അനശ്വര നടൻ ജയന്റെ സഹായിയായിരുന്ന രാജൻ അദ്ദേഹത്തിെൻറ മരണ ശേഷമാണ് നസീറിനൊപ്പം കൂടിയത്. ചൂനാട് യു.പി സ്കൂളിലെ പഠന കാലയളവിൽ സിനിമകമ്പം കയറിയതാണ് ജീവിതത്തിലെ വഴിതിരിവിന് കാരണമായത്.
സിനിമലോകം വല്ലാതെ തലക്ക് പിടിച്ചപ്പോൾ ഉദയാ സ്റ്റുഡിയോയും സിനിമകളും നിറഞ്ഞുനിന്ന ആലപ്പുഴക്ക് വണ്ടികയറുേമ്പാൾ 12 വയസായിരുന്നു പ്രായം. വീട്ടുകാർ അറിയാതെയുള്ള അന്നത്തെ ഒളിച്ചോട്ടം ഇന്നും മനസിലെ മായാത്ത അനുഭവമായി സൂക്ഷിക്കുന്നു. ഉദയാ സ്റ്റുഡിയോയുടെ വാതിലിൽ ഏറെനേരം കാത്തുനിന്നെങ്കിലും അകത്തേക്ക് കയറാൻ അനുവദിച്ചില്ല. സെക്യൂരിറ്റിക്കാരെൻറ ശ്രദ്ധ മാറിയപ്പോൾ അകത്തേക്ക് ഓടികയറിയ രാജൻ കുഞ്ചാക്കോയുടെ മുന്നിലാണ് ചെന്നുപ്പെട്ടത്. അതിക്രമിച്ച് കയറിയ ബാലനെ പോലിസിൽ പിടിപ്പിക്കുമെന്നായിരുന്നു കുഞ്ചാക്കോയുടെ ആദ്യ ഭീഷണി. ഭയന്നുപോയ സമയത്ത് തിരക്കഥാകൃത്തായിരുന്ന ശാരങ്കപാണി സഹായത്തിന് എത്തിയത് രക്ഷയായി. ഇദ്ദേഹത്തിെൻറ നിർബന്ധത്തിന് വഴങ്ങിയ കുഞ്ചാക്കോ സ്റ്റുഡിയോയിലെ സഹായിയാക്കുകയായിരുന്നു. 17 വയസുവരെ ഇവിടെ തുടർന്നു. ഇതിനിടയിലാണ് വീട്ടുകാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത്.
സ്റ്റുഡിയോ ജീവിതത്തിനിടയിൽ സൗഹൃദത്തിലായ നടൻ ജയന്റെ സഹായിയായി പിന്നീട് മാറുകയായിരുന്നു. ഇതിനിടയിൽ നസീറുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. ജയന്റെ മരണം സംഭവിക്കുന്ന ‘കോളിളക്കം’ സിനിമയുടെ സെറ്റിൽ സഹായിയായി രാജനും ഒപ്പമുണ്ടായിരുന്നു. ജയന്റെ മരണത്തോടെ നിസഹായനായ രാജനെ പിന്നീട് േപ്രംനസീർ ഒപ്പം കൂട്ടുകയായിരുന്നു. കുറഞ്ഞസമയത്തിനുള്ളിൽ നസീറിന്റെ മനസ് കീഴടക്കാൻ രാജനായി. നസീറിന്റെ തിരക്കുപിടിച്ച സിനിമാ ജീവിത്തിൽ നല്ലൊരു സഹായിയായി മാറാൻ രാജന് കഴിഞ്ഞിരുന്നു മേക്കപ്പ് സാമഗ്രികൾ മുതൽ നിത്യവുമുള്ള മരുന്നുകൾ വരെ രാജനായിരുന്നു സൂക്ഷിച്ചിരുന്നത്. രാജനില്ലാത്ത ദിവസം ദിനചര്യകൾ താളംതെറ്റുമെന്നതിനാൽ ഒരു ദിവസം പോലും മാറിനിൽക്കാൻ അനുവദിച്ചിരുന്നില്ല. ഭരതെൻറ ‘പാർവ്വതി’ എന്ന ചിത്രം മുതൽ ‘കടത്തനാടൻ അമ്പാടി’ വരെയുള്ള സിനിമാ കാലയളവിലാണ് സഹായിയായി ഒപ്പം നിന്നത്. നിമയിൽ തിരക്ക് കുറഞ്ഞതോടെ േപ്രംനസീർ തന്നെ മുൻകൈയ്യെടുത്ത് 1988 ൽ രാജനെ പ്രവാസത്തിലേക്ക് വിടുകയായിരുന്നു.
മസ്കറ്റിലുള്ള നസീറിെൻറ മരുമകൻ ഡോ. ഷറഫുദ്ദീെൻറ ആശുപത്രിയിലേക്കാണ് വിട്ടത്. ഒരു വർഷം കഴിഞ്ഞപ്പോൾ േപ്രംനസീറും മരണപ്പെട്ടു. ഡോ. ഷറഫുദ്ദീൻ നാട്ടിലേക്ക് പോയതിനാൽ രാജന് അവിടെ തന്നെ തുടരേണ്ടി വന്നു. ഒരാഴ്ചക്ക് ശേഷം അദ്ദേഹം മടങ്ങി എത്തിയപ്പോഴാണ് രാജന് നാട്ടിലേക്ക് പോകാനായത്. വിമാനമിറങ്ങി നേരെ പോയത് നസീറിെൻറ ഖബറിടത്തിലേക്കായിരുന്നു. കുടുംബവുമായി ഇന്നും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. മകൾ ലൈല ക്ഷേമന്വേഷണങ്ങളുമായി വിളിക്കാറുണ്ടെന്നതും അവർ എഴുതിയ നസീറിന്റെ ജീവിത കഥയിൽ തന്നെ പരാമർശിച്ചതുമാണ് രാജനെ ഏറെ സന്തോഷിപ്പിക്കുന്നത്. നസീറിനൊപ്പം നിന്ന കാലത്തുള്ളവരുമായുള്ള സൗഹൃദവും ഇന്നും തുടരുന്നുണ്ട്.