അമ്പലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചാക്യാർകുന്ന് വീട്ടിൽ രാജൻ അജിത ദമ്പതികളുടെ മകൻ കണ്ണനാ (22)ണ് മരിച്ചത്. അപകടത്തിൽ നേരത്തെ പുന്നപ്ര തെക്ക് പവർ ഹൗസിന് സമീപം പാലമൂട് വെളി ഷബീർ സുനിത ദമ്പതികളുടെ മകൻ സുഹൈൽ (26) മരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയിൽ പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൈൽ തനിച്ച് സഞ്ചരിച്ച ബൈക്കും കണ്ണനും സുഹൃത്ത് അരവിന്ദും സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് ലോറിക്കടിയില്‍പ്പെട്ടാണ് സുഹൈൽ മരിച്ചത്. ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണനെ വിദഗ്ധ ചികിത്സക്കായി വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് ഇന്ന് ഉച്ചക്കാണ് മരണം സംഭവിച്ചത്. അമ്പലപ്പുഴയിലെ സ്വകാര്യ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനാണ്. സഹോദരി രാജേശ്വരി.
അതേസമയം, എറണാകുളം മുണ്ടംപാലത്ത് വാട്ടർ അതോറിറ്റി അറ്റകുറ്റപണിക്കായി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞിട്ട് പത്ത് ദിവസമായിട്ടും കരാറുകാരൻ കുഴി മൂടിയിരുന്നില്ല. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ശ്യമിലിന് ഗുരുതരമായി പരിക്കേല്‍ക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ അപ്പോള്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ട് ദിവസത്തിനുശേഷം ഇന്ന് ശ്യാമില്‍ മരിച്ചു.
അപകടമുണ്ടായതിനു പിന്നാലെ ഇന്നലെ രാവിലെതന്നെ കരാറുകാരനെത്തി കുഴി മൂടി റോഡില്‍ കട്ട വിരിച്ചു.കുഴി മൂടുന്ന കാര്യത്തില് കരാറുകാരുടെ ഭാഗത്ത് സ്ഥിരമായി അലംഭാവമുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു. ശ്യാമിലിന്‍റെ മരണത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുഴി മൂടിയിരുന്നുവെന്നും മുകളില്‍ കട്ട വിരിക്കാൻ മാത്രമാണ് ബാക്കിവച്ചതെന്നുമാണ് കരാറുകാരന്‍റെ വിശദീകരണം