ഷിയോപൂര്‍: മധ്യപ്രദേശിൽ, കാട്ടിൽ നിന്ന് ഗ്രാമത്തിലേക്ക് കടന്നുചെന്ന് ഭീതി സൃഷ്ടിച്ച് നമീബിയൻ ചീറ്റപ്പുലി. കുനോ പാർക്കിൽ കഴിയുന്ന നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ഒബാൻ ആണ് കുനോ ഉദ്യാനത്തിന് ഇരുപത് കിലോമീറ്റർ അകലെയുള്ള വിജയ്‌പൂരിലേക്ക് കടന്നുചെന്ന് ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ചീറ്റപ്പുലിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും നിരീക്ഷണ സംഘം ഇതിനോടകം ഝര്‍ ബറോഡ ഗ്രാമത്തിലെത്തിയതായും ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വിശദമാക്കി.
രണ്ട് ബാച്ചുകളിലായി 20ഓളം ചീറ്റപ്പുലികളെയാണ് ഇതിനോടകം ഇന്ത്യയിലെത്തിച്ചത്. ആദ്യ ബാച്ചില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളും രണ്ടാം ബാച്ചില്‍ 12 ചീറ്റപ്പുലികളെ സൌദി അറേബ്യയില്‍ നിന്നുമാണ് ഇന്ത്യയിലെത്തിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്ന സാഷ കഴിഞ്ഞ ദിവസമാണ് ചത്തത്. ഇതിന്‍റെ മരണ കാരണം മാനസിക സമ്മർദ്ദമെന്ന് വിദഗ്ധർ വിശദമാക്കിയിരുന്നു.നേരത്തെ ചീറ്റകളിൽ ഒന്നായ ആശയുടെ ഗർഭം അലസിയിരുന്നു. സെപ്റ്റംബർ അവസാനത്തോടെ പ്രസവിക്കേണ്ടിയിരുന്ന ആശ, നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രസവിച്ചിരുന്നില്ല. തുടർന്നാണ് ആശയുടെ ഗർഭം അലസിയതായി സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥലം മാറിയതിനെ തുടർന്നുള്ള സമ്മർദ്ദം കാരണമാകാം ഗർഭം അലസിയതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. അഞ്ച് പെൺ ചീറ്റപ്പുലികളെയും മൂന്ന് ആണ്‍ ചീറ്റപ്പുലികളെയുമാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യന്‍ മണ്ണില്‍ ചീറ്റകൾ എത്തിയത് 70 വർഷത്തിന് ശേഷമാണ്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.