ലോകത്തിലെ ഏറ്റവും പ്രായമുള്ള സിംഹങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന കാട്ട് ആൺ സിംഹത്തിന്റെ മരണം കെനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. തെക്കൻ കെനിയയിലെ അംബോസെലി നാഷണൽ പാർക്കിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലെ 19 വയസ്സുള്ള ലൂങ്കിറ്റോ എന്ന് വിളിക്കപ്പെടുന്ന സിംഹമാണ് കൊല്ലപ്പെട്ടത്. ലയൺ ഗാർഡിയൻസ് എന്ന കൺസർവേഷൻ ഗ്രൂപ്പാണ് ലൂങ്കിറ്റോയെ തങ്ങളുടെ ആവാസവ്യവസ്ഥയിലെയും ആഫ്രിക്കയിലെയും ഏറ്റവും പ്രായം കൂടിയ ആൺ സിംഹമായി വിശേഷിപ്പിച്ചത്.
തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ലയൺ ഗാർഡിയൻസ് ലൂങ്കിറ്റോയുടെ മരണം സ്ഥിരീകരിച്ചത്. മെയ് 10 -ന് ലൂങ്കിറ്റോയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി എന്നാണ് ലയൺ ഗാർഡിയൻസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. 2003 മുതൽ 2023 വരെയാണ് ഈ സിംഹത്തിന്റെ ജീവിത കാലയളവായി കണക്കാക്കപ്പെടുന്നത്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായിരുന്ന ലൂങ്കിറ്റോയുടെ ജീവിതത്തിനും പാരമ്പര്യത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്നും ലയൺ ഗാർഡിയൻസ് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
കാട്ടിലെ മിക്ക സിംഹങ്ങളും ഏകദേശം 13 വർഷം വരെ ജീവിക്കുമ്പോൾ, ലൂങ്കിറ്റോ ആ ശരാശരിയെ മറികടന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളിൽ ഒന്നായാണ് സിംഹങ്ങളെ കണക്കാക്കുന്നത്. മനുഷ്യനും സിംഹവും തമ്മിലുള്ള സംഘർഷങ്ങളിലാണ് കൂടുതൽ സിംഹങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത്. കാട്ടിൽ ഇരകൾ കുറവാകുമ്പോൾ ആണ് മനുഷ്യനും സിംഹവും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നത്. സിംഹങ്ങൾ നാട്ടിൽ ഇറങ്ങി ഇര തേടാൻ ആരംഭിച്ചാൽ സാധാരണയായി ആക്രമണത്തിന് ഇരയാകുന്നത് കന്നുകാലികളും ആടുകളും ആണ് . ഇത് ജനവാസ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ വംശനാശം നേരിടുന്ന സിംഹങ്ങളെ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നാണ് വന്യജീവി സംരക്ഷകർ അഭിപ്രായപ്പെടുന്നത്.