എറണാകുളം : ഒരു ദിവസത്തിൽ തന്നെ പല സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയ വിരുതൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലാ കോടതി, ജില്ലാ ഹോമിയോ ആശുപത്രി, കുടയത്തൂരിലുള്ള ഒരു സ്ഥാപനം എന്നിവിടങ്ങളിൽ മോഷണം നടത്തിയയാളെയാണ് മുട്ടം പോലീസ് പിടികൂടിയത്. പാലക്കാട് മണ്ണാർക്കാട് കണ്ണന്നൂർ പൊട്ടാശ്ശേരിൽ ഷെമിനാണ് (22) അറസ്റ്റിലായത്. ഇന്നലെ രാവിലെ 7.45 ന് കോടതിയിലും തൊട്ടടുത്തുള്ള ജില്ല ഹോമിയോ ആശുപത്രിയിലും ജോലിചെയ്യുന്ന വനിതാ ജീവനക്കാരായ രണ്ട് പേരുടെ ബാഗാണ് മോഷ്ടിച്ചത്. പണവും, ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകളുള്ള വാനിറ്റ് ബാഗാണ് മോഷണം പോയത്.
പിന്നീട് പ്രതി കുടയത്തൂരിൽ എത്തി പണി സ്ഥാപനത്തിൽ നിന്നും തൊഴിലാളികളുടെ 6000 രൂപ മോഷ്ടിച്ചു. ഉച്ചയോടെ ഷെമിനെ മുട്ടം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപംത്തുവെച്ച് കണ്ടെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ റിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ്ങ് കോളേജിന് സമീപത്ത് നിന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്. വിലാസം ഉൾപ്പടെ മാറ്റി മാറ്റി പറയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതായുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതി ജീവനക്കാരിയും ഹോമിയോ മെഡിക്കൽഓഫീസ് മേധാവിയും ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. മറ്റു സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.