തിരുവനന്തപുരം: ഏറെ പ്രത്യേകതകളുമായാണ് ഈ വർഷത്തെ തിരുവോണം ബമ്പർ പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 25 കോടി എന്നതാണ് അതിൽ ഏറ്റവും വലിയ ഹൈലൈറ്റ്. 500 രൂപ ടിക്കറ്റിന്റെ മൂന്നാം സമ്മാനം 1 കോടി വീതം പത്ത് പേർക്കാണ് ലഭിക്കുന്നത്. ബമ്പറിന്റെ ഒരു ആകർഷണീയതയും ഇതാണ്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 5 കോടിയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തുന്ന ബമ്പർ നറുക്കെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ജൂലൈ 18ന് ആരംഭിച്ച തിരുവോണം ബമ്പർ വിൽപ്പന പൊടി പൊടിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
സെപ്റ്റംബർ 18നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ഇത്തവണ സർക്കാർ കേരള ലോട്ടറി വകുപ്പിന് നൽകിയിരിക്കുന്നത്. ഇതുവരെ 45 ലക്ഷം ടിക്കറ്റോളം വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മീഷൻ ഇനത്തിൽ ലഭിക്കുകയും ചെയ്യും. 58 രൂപയായിരുന്നു കഴിഞ്ഞ തവണ ഒരു ടിക്കറ്റിനുള്ള കമ്മീഷൻ.