കോഴിക്കോട് : തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന പി. സോമൻ കൈക്കൂലി വാങ്ങിയ കേസിൽ കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. 2013 സെപ്തംബർ മൂന്നിന് പരാതിക്കാരനെതിരെ കരുതൽ തടങ്കലിന് കേസെടുക്കുമെന്നും, കേസ് ഒഴിവാക്കുന്നതിന് പി. സോമൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
അടുത്ത ദിവസം ഇടനിലക്കാരൻ വഴി 10,000 രൂപ കൈക്കൂലി വാങ്ങുകയും തൊട്ടടുത്ത ദിവസം ബാക്കി 10,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന പ്രേം ദാസ് കൈയോടെ പിടി. ഈ കേസിലാണ് തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന സോമൻ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയത്.
കോഴിക്കോട് വിജിലൻസ് മുൻ ഡി.വൈ.എസ്.പി ശ്രീ. പ്രേം ദാസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന സജീഷ്, ഷൈജു, വഹാബ് എന്നിവർ അന്വേഷണം നടത്തി കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന ജോസി ചെറിയാൻകുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ സോമൻകുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.കെ ശൈലജൻ ഹാജരായി.