ജയ്പൂർ: ഓൺലൈൻ ഗെയിമുകളിലെ പേയ്മെന്‍റ് ടോക്കണിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 16കാരൻ 12കാരനായ ബന്ധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ നാഗൂർ ജില്ലയിലാണ് സംഭവം. 12കാരെന കൊലപ്പെടുത്തിയ ശേഷം പ്രദേശത്തെ വയലിൽ മൃതദേഹം കുഴിച്ചിട്ടു. പിന്നീട് 12കാരന്‍റെ അമ്മാവനോട് സമൂഹമാധ്യമങ്ങളിലൂടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് ഓൺലൈൻ ഗെയിം പേയ്മെന്‍റ് ടോക്കണുകൾ വാങ്ങാനായിരുന്നു 16കാരന്‍റെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.
ഡിസംബർ ഒമ്പതിന് 12 കാരനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മാവൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പബ്ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് 12കാരൻ അടിമയായിരുന്നുവെന്നും പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുവായ 16കാരനൊപ്പമാണ് കുട്ടി ഗെയിമുകൾ കളിക്കുന്നതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഓൺലൈൻ ഗെയിമിന് ചെലവാക്കിയ പണവുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായതായി വെളിപ്പെടുത്തി. ഓൺലൈൻ ഗെയിമിനായി 16കാരൻ 12കാരന് പണം നൽകിയിരുന്നു. എന്നാൽ പണം തിരികെ നൽകാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. 12കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പ്രദേശത്തെ വയലിൽ മൃതദേഹം കുഴിച്ചിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.